sapna-rana

ഇന്ത്യയിലെ സാധാരണയൊരു ഗ്രാമത്തിൽ ജനിച്ച പെൺകുട്ടി, ഇന്ന് എത്തി നിൽക്കുന്നത് ഹിമാചൽ പ്രദേശിലെ ആദ്യ വനിതാ ആർമി കമാൻഡിംഗ് ഓഫീസർ എന്ന ചരിത്രനേട്ടത്തിൽ. ആരാണ് കേണൽ സപ്‌ന റാണ. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ് കേണൽ സപ്‌നയുടെ ജീവിതം.

ഹിമാചൽ സോലൻ ജില്ലയിലെ ഭവാനിപൂരിലാണ് സ‌പ്‌ന ജനിച്ചതും വളർന്നതും. കന്നുകാലികളെ വളർത്തിയാണ് കോളേജ് പഠനത്തിനായുള്ള പണം സപ്‌ന സ്വരുക്കൂട്ടിയത്. പണം മിച്ചം പിടിക്കാൻ നടന്നായിരുന്നു കോളേജിലേക്കുള്ള യാത്ര. അദ്ധ്യാപകനായ രാജേന്ദർ താക്കൂർ ആണ് സപ്‌നയുടെ പിതാവ്. മാതാവ് കൃഷ്ണ താക്കൂർ വീട്ടമ്മയും. സോലനിൽ തന്നെയായിരുന്നു സപ്‌ന പഠനം പൂർത്തിയാക്കിയത്.

കോളേജ് കാലത്തെ എൻസിസി പ്രവർത്തനമാണ് സപ്‌നയെ സേനയിൽ എത്തിച്ചത്. കാർഗിൽ ജില്ലയിലെ കാർഗിൽ വിജയ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹിമാചലിൽ നിന്നുള്ള ഏക എൻസിസി കേഡറ്റായിരുന്നു സപ്‌ന.

സേനയിലേക്കുള്ള സർവീസ് സെലക്ഷൻ ബോർഡ് പാസായ സ‌പ്‌ന 2003ലാണ് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാഡമിയിൽ പ്രവേശനം നേടുന്നത്. 2004ൽ ലഫ്‌റ്റനന്റ് പദവിൽ പോസ്റ്റിംഗ് ലഭിച്ചു. 2004ൽ ആർമി ഓർഡനൻസ് കോർപ്സിലേക്ക് കമ്മിഷൻ ചെയ്ത സപ്‌ന ആർമി ഓർഡനൻസ് കോർപ്സ് സെന്റർ, സ്കൂൾ എന്നിവയുടെ കമാൻഡന്റ് ഉൾപ്പെടെ നിരവധി അഭിമാനകരമായ പദവികളിൽ സേവനമനുഷ്ഠിച്ചു. നിലവിൽ വടക്കുകിഴക്കൻ മേഖലയിൽ ആർമി സർവീസ് കോർപ്സ് ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസറാണ് സപ്‌ന. ഈ നേട്ടം കൈവരിക്കുന്ന ഹിമാചൽ പ്രദേശിൽ നിന്നുള്ള ആദ്യത്തെ വനിതാ ഓഫീസർ കൂടിയാണ് അവർ. സേനാ മെഡൽ, ചീഫ് ഒഫ് ആർമി സ്റ്റാഫ് കമാൻഡേഷൻ കാർഡ് എന്നീ നേട്ടങ്ങളും സപ്‌ന സ്വന്തമാക്കി.