
വീട് എന്നും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പ്രത്യേകിച്ച് ജോലിക്കുപോകുന്നവർക്ക്. തിരക്കേറിയ ജീവിതത്തിൽ പലപ്പോഴും ഇതിനായി സമയം കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചെന്ന് വരില്ല. എന്നാൽ, ചില എളുപ്പവഴികൾ ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾക്ക് വീട് വൃത്തിയാക്കാവുന്നതാണ്. അതിന് സഹായിക്കുന്ന അഞ്ച് ടിപ്പുകൾ അറിയാം.
1. ദിനചര്യ ഉണ്ടാക്കുക
ദിവസേന പത്തോ പതിനഞ്ചോ മിനിട്ട് വീട് വൃത്തിയാക്കുന്നതിനായി മാറ്റിവയ്‌ക്കുക. അടുക്കള, കുളിമുറി, ലിവിംഗ് റൂം തുടങ്ങി ദിവസവും ഉപയോഗിക്കുന്ന സ്ഥലങ്ങൾക്ക് വേണം ആദ്യം പ്രാധാന്യം നൽകാൻ. ചുവരിലെയും ഫാനിലെയും പൊടിപടലങ്ങൾ, തറയിലെ പൊടി, ഭക്ഷണം കഴിക്കുന്ന മേശ എന്നിവിടങ്ങൾക്കായി ദിവസവും അൽപ്പസമയം നീക്കി വയ്‌ക്കുക.
2. സമയമെടുക്കണം
എല്ലായിടവും ഒരുമിച്ച് വൃത്തിയാക്കാൻ ശ്രമിക്കരുത്. അത് സമ്മർദം ഉണ്ടാകാൻ കാരണമാകുന്നു. ഒരു സമയം ഒരു മുറി മാത്രം വൃത്തിയാക്കുക. അങ്ങനെ ഓരോന്നായി പ്രത്യേകം ചെയ്‌താൽ കുറച്ച് സമയത്തിനുള്ളിൽ ജോലി തീർക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് ക്ഷീണവും അനുഭവപ്പെടില്ല.
3. ആനാവശ്യമായവ ഒഴിവാക്കുക
ആവശ്യമില്ലാത്ത സാധനങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കണം. നിങ്ങൾ പതിവായി ഉപയോഗിക്കുന്ന സാധനങ്ങൾ യഥാ സ്ഥാനങ്ങളിൽ വയ്‌ക്കുക. ബാക്കിയുള്ളവ അവിടെ നിന്നും മാറ്റുക. വെറും രണ്ടോ മൂന്നോ മിനിട്ടെടുത്ത് ഇക്കാര്യം ചെയ്‌താൽ ഭാവിയിൽ പൊടിപടലങ്ങൾ വരുന്നതിൽ നിന്നും സ്ഥലം ലാഭിക്കുന്നതിനും സഹായിക്കും.
4. ക്ലീനിംഗ് ഉപകരണങ്ങൾ
നിരവധി ക്ലീനിംഗ് ഉപകരണങ്ങൾ വാങ്ങുന്നതിന് പകരം സിങ്കുകൾ, അടുക്കള, സ്ലാബുകൾ തുടങ്ങിയവയെല്ലാം വൃത്തിയാക്കാൻ സഹായിക്കുന്ന ഒറ്റ ഉപകരണം വാങ്ങുക. ബാത്ത്‌റൂമിലെ ചുവരുകൾ വൃത്തിയാക്കുന്നതിനായി ഉയർന്ന ക്വാളിറ്റിയുള്ള സ്‌ക്രബ്ബറുകളും അടുക്കളയിലെ ചുവരുകൾ തുടച്ച് വൃത്തിയാക്കുന്നതിനായി മൈക്രോഫൈബർ ടവലുകളും ഉപയോഗിക്കുക.
5. എപ്പോഴും വൃത്തിയാക്കുക
ഭക്ഷണം കഴിച്ചശേഷം ടേബിൾ അപ്പോൾ തന്നെ വൃത്തിയാക്കുക. ഇത് അഴുക്ക് അടിഞ്ഞുകൂടുന്നത് ഒഴിവാക്കും. പാത്രങ്ങളും കഴിച്ചയുടൻ കഴുകി വയ്‌ക്കുക. ഇതിന് വളരെ കുറച്ച് സമയം മാത്രം മതിയാകും. എന്നാൽ, വീടിന്റെ വൃത്തി നിലനിർത്താൻ ഇത് വളരെയധികം സഹായിക്കും.