house-fly

വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാനാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കാറുളളത്. എത്ര വിലപിടിപ്പുളള ലിക്വിഡുകളും മരുന്നുകളും പ്രയോഗിച്ചാലും വീടുകളിൽ നിന്നും വിട്ടുമാറാതെ നിൽക്കുന്ന പ്രധാനപ്പെട്ട ശല്യങ്ങളാണ് ഈച്ചകൾ. അടുക്കളയിലും വീടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലായിരിക്കും കൂടുതലായും ഈച്ചകളെ കാണാൻ സാധിക്കുന്നത്. അതിനാൽത്തന്നെ വീട്ടിലെത്തുന്നവർക്ക് ഇത് കൂടുതൽ അറപ്പുളവാക്കാനും കാരണമാകും. ഈച്ചകളെ കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും പേടിക്കേണ്ടതാണ്. ഈച്ചകൾ വന്നിരിക്കുന്ന ഭക്ഷണം കഴിക്കുന്നതും പ്രശ്നം തന്നെയാണ്.

ഈച്ചകളെ പൂർണമായി ഒഴിവാക്കാൻ പലവിധത്തിലുളള പ്രതിവിധികൾ പരീക്ഷിച്ച് തളർന്നവരാണോ നിങ്ങൾ?​ എങ്കിൽ ഇനി കടകളിൽ കിട്ടുന്ന ലിക്വിഡുകളുടെ പിറകെ പോകേണ്ട ആവശ്യം ഉണ്ടാകില്ല. അധികം മുതൽമുടക്കില്ലാതെ യാതൊരു പാർശ്വഫലങ്ങളുമുണ്ടാക്കാത്ത വിധത്തിൽ വീടുകളിലെ ഈച്ചശല്യം പരിഹരിക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ആദ്യം അരലിറ്ററിന്റെ ഒഴിഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിയെടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെളളവും വിനാഗിരിയും എടുക്കുക. ശേഷം കുപ്പിയിലേക്ക് ഫില്ലറുപയോഗിച്ച് പത്ത് മില്ലി ലിറ്റർ ക്ലൗ ഓയിൽ (ഗ്രാമ്പുവിന്റെ എസെൻസ്)​ ചേർക്കുക. അവയെ നന്നായി യോജിപ്പിച്ചതിനുശേഷം രണ്ട് ചെറുനാരങ്ങയുടെ നീരും ചേർക്കുക. അവയെ വീണ്ടും നന്നായി യോജിപ്പിക്കാൻ മറക്കണ്ട. ഇങ്ങനെ തയ്യാറാക്കിയ ലിക്വിഡ് ഈച്ചശല്യം കൂടുതൽ അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ദിവസം മൂന്ന് തവണയായി സ്പ്രേ ചെയ്താൽ മതി. ഇത്തരത്തിൽ മൂന്ന് ദിവസം ചെയ്താൽ അനായാസം വീട്ടിൽ നിന്നും പൂർണമായും ഈച്ചയെ തുരത്താവുന്നതാണ്.