curry

മീനില്ലാതെ മീൻകറിയുണ്ടാക്കിയാലോ?​ ഇതുകേൾക്കുമ്പോൾ പലരും സംശയിക്കും. എന്നാൽ വെറും പത്ത് മിനിട്ടുകൊണ്ട് യഥാർത്ഥ മീൻകറിയെ വെല്ലുന്ന തരത്തിൽ മീനില്ലാതെ കറിയുണ്ടാക്കിയാലോ. അടുക്കളയിൽ അധികം സമയം ചെലവഴിക്കാതെ ചൂട് ചോറിനോടൊപ്പം കഴിക്കാൻ പാകത്തിലുളള ഒരു കറി തയ്യാറാക്കാം,​ എങ്ങനെയെന്ന് നോക്കാം.

മീനില്ലാതെ മീൻകറി തയ്യാറാക്കാനായി എടുത്തിരിക്കുന്നത് പച്ച നേന്ത്രക്കായയാണ്. ആദ്യം ഇതിനെ അധികം വലിപ്പമാകാത്ത രീതിയിൽ ചെറിയ കഷണങ്ങളായി മുറിച്ചുവയ്ക്കുക. നേന്ത്രക്കായക്ക് പകരം വെണ്ടയ്ക്ക,​ വഴുതനങ്ങ,​ കോവയ്ക്ക തുടങ്ങിയവയും ഉപയോഗിക്കാം. ശേഷം കറി തയ്യാറാക്കാനായി മാറ്റിവച്ചിരിക്കുന്ന പാത്രം ചൂടാക്കുക. അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോഴേക്കും അര ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, ചെറുതായി മുറിച്ചുവച്ചിരിക്കുന്ന എട്ട് ഗ്രാം ഇഞ്ചി,​ പത്ത് അല്ലി വെളുത്തുളളി ,​ ചെറുതായി മുറിച്ചുവച്ചിരിക്കുന്ന ചെറിയ ഉളളി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

ചെറിയ ഉളളി പാകമാകുന്നതുവരെ യോജിപ്പിച്ചുക്കൊണ്ടിരിക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപൊടി,​ നിങ്ങളുടെ എരിവിനനുസരിച്ച് മുളകുപൊടി എന്നിവ ചേർക്കുക. ഇതിലേക്ക് രണ്ട് കപ്പ് വെളളമൊഴിക്കുക. വെളളത്തോടൊപ്പം രണ്ട് ചെറിയ കഷണം കുടംപുളി കൂടി ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാനും മറക്കരുത്. കറി നന്നായി തിളയ്ക്കുമ്പോൾ മുറിച്ചുവച്ചിരിക്കുന്ന നേന്ത്രക്കായ കൂടി ചേർക്കുക. ശേഷം ഏഴ് മിനിട്ട് സമയത്തോളം പാത്രം അടച്ചുവച്ച് പാകം ചെയ്യാവുന്നതാണ്. കറി തയ്യാറായതിനുശേഷം ചോറിനോടൊപ്പം കഴിക്കാം.