dog

കോഴിക്കോട്: ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവുനായകൾ പെറ്റുപെരുകുന്നതിൽ പൊറുതിമുട്ടി ജനം. അധികൃതരുടെ അലംഭാവം പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കുന്നു. കാടിറങ്ങുന്ന വന്യജീവികൾക്കൊപ്പം നായകളെ കൂടി ഭയക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. കർഷകരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. വിളകളും വളർത്തുമൃഗങ്ങളും നായയുടെ ആക്രമണത്തിനിരയാകുന്നത് നിത്യ സംഭവമാണ്. ഇരുമ്പ് കൂടുകൾ വരെ തകർത്താണ് കോഴികളെയും ആടുകളെയും നായകൾ കൊല്ലുന്നത്.

മനുഷ്യർക്കു നേരെയുള്ള ആക്രമണവും രൂക്ഷമായിരിക്കുകയാണ്. വിദ്യാർത്ഥികളും വയോധികരും ഉൾപ്പെടെ നിരവധിപ്പേർക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. നിരവധി പരാതികൾ ഉന്നയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് പിന്നോട്ട് പോകാനാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടേയും പേവിഷ ബാധയേറ്റ് മരിക്കുന്നവരുടെയും എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി വർദ്ധിക്കുകയാണ്. പിഞ്ചു കുഞ്ഞിനെപ്പോലും തെരുവുനായകൾ കടിച്ചെടുത്ത് കൊണ്ടുപോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാക്സിനേഷൻ ശക്തമാക്കണം

പേ വിഷബാധക്കെതിരായ കുത്തിവയ്പ്പ് നൂറു ശതമാനം ഫലപ്രദമാണെന്ന് പറയാനാവില്ല. മൂന്ന് തവണ വാക്സിനെടുത്തിട്ടും 12 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ച സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണ്. തെരുവുനായകൾ പെരുകുന്നതിന്റെ അപകടകരമായ സാഹചര്യം മനസിലാക്കി സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് സ്വതത്ര കർഷക സംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒ.പി.മൊയ്തു, ജനറൽ സെക്രട്ടറി നസീർ വളയം എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.