
കൊച്ചി: വികസ്വര രാജ്യങ്ങളിലെ ഓഹരികളുടെ പ്രകടനത്തിൽ ചൈനയെ പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്ത്. മോർഗൺ സ്‌റ്റാൻലി കാപ്പിറ്റൽ ഇന്റർനാഷണൽ(എം.എസ്.സി.ഐ) വികസ്വര രാജ്യങ്ങളിലെ ഓഹരികളുടെ പ്രകടനം വിലയിരുത്തുന്ന നിക്ഷേപ സൂചികയിലാണ് ഇതാദ്യമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ഇതോടെ രാജ്യത്തെ ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം ഒഴുകാൻ സാദ്ധ്യതയേറി. നിലവിൽ എം.എസ്.സി.ഐ നിക്ഷേപ സൂചികയിൽ ഇന്ത്യൻ ഓഹരി വിപണിയുടെ വെയിറ്റേജ് 22.27 ശതമാനവും ചൈനയുടേത് 21.58 ശതമാനവുമാണ്. അതേസമയം 8.14 ലക്ഷം കോടി ഡോളറിന്റെ സംയോജിത വിപണി മൂല്യവുമായി ചൈന ഇപ്പോഴും മുന്നിലാണ്. ഇന്ത്യയുടെ വിപണി മൂല്യം 5.3 ലക്ഷം കോടി ഡോളർ മാത്രമാണ്.
എം.എസ്.സി.ഐ ആഗോള നിക്ഷേപ സൂചികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. 63.21 ശതമാനം വെയിറ്റേജോടെ യു.എസ്.എയാണ് ഒന്നാമത്. ജപ്പാൻ, യു.കെ. കാനഡ, ഫ്രാൻസ് എന്നിവയാണ് ഇന്ത്യയ്ക്ക് മുകളിലുള്ളത്.