
ഗുരുവായുർ ക്ഷേത്രത്തിൽ 2024 ഒക്ടോബർ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി തൃശൂർ വെള്ളറക്കാട് തോന്നല്ലൂർ' പുതുമന മന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു നറുക്കെടുപ്പ്. രാവിലെ 10 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
ദേവസ്വം ഭരണ സമിതി മുൻപാകെ നടന്ന അഭിമുഖത്തിൽ യോഗ്യരെന്ന് കണ്ടെത്തിയ 42 അപേക്ഷകരുടെ പേരുകൾ നിക്ഷേപിച്ച വെള്ളിക്കുടത്തിൽ നിന്ന് നിലവിലെ മേൽശാന്തി പളളിശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ' ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ ' സന്നിഹിതരായി. 55 അപേക്ഷകരിൽ നാല് പേർ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. ഒമ്പത് പേർ കൂടിക്കാഴ്ചയിൽ അയോഗ്യരായി.
36 കാരനായ നിയുക്ത മേൽശാന്തി തൃശൂർ തോന്നല്ലൂർ സ്വദേശിയാണ്. 16 വർഷമായി വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തിയാണ്. എട്ടാം തവണയാണ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തി നറുക്കെടുപ്പിൽ ഉൾപ്പെടുന്നത് . ബികോം ബിരുദധാരിയാണ്. പുതുമന മന പരമേശ്വരൻ നമ്പൂതിരിയുടെയും ആലമ്പിള്ളി സാവിത്രി അന്തർജ്ജനത്തിന്റെയും മകനാണ്. പൊട്ടക്കുഴി നാരായണൻ നമ്പൂതിരി, പഴയത്ത് സുമേഷ് നമ്പൂതിരി എന്നിവരുടെ കീഴിൽ തന്ത്രവും മന്ത്രവും അഭ്യസിച്ചു. പുതുരുത്തി കിണറ്റാമിറ്റം മന കൃഷ്ണശ്രീയാണ് പത്നി. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യ, രണ്ടര വയസുകാരൻ ഋഗ്വേദ് എന്നിവരാണ് മക്കൾ. ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. ഭജനത്തിനു ശേഷം സെപ്‌തംബർ 30 ന് രാത്രി ചുമതലയേൽക്കും. ആറ് മാസം പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തന്നെ താമസിച്ച് പൂജാകർമങ്ങൾ നിർവ്വഹിക്കും.