strike

കമ്പി- തപാലും റെയിൽവേയും ഉൾപ്പെടെ പ്രധാന സേവന മേഖലകൾ പൂർണമായും സ്തംഭിപ്പിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർ നടത്തിയ ഐതിഹാസികവും ചരിത്രപരവുമായ ഏകദിന പണിമുടക്കിന് 56 വർഷം തികഞ്ഞു. രാജ്യത്തെ ആക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിയ ആ സമരം 1968 സെപ്തംബർ 19- നായിരുന്നു. പതിനഞ്ചാം ഐ.എൽ.സി (ഇന്ത്യൻ ലേബർ കോൺഫറൻസ്) അംഗീകരിച്ച ആവശ്യാധിഷ്ഠിത മിനിമം വേതനം, വില സൂചികയ്ക്കനുസരിച്ച ക്ഷാമബത്ത തുടങ്ങിയ ആവശ്യങ്ങളുയർത്തി നടന്ന അന്നത്തെ പണിമുടക്കിൽ, സർക്കാരിന്റെ വ്യാജ പ്രചാരണങ്ങൾക്കിടയിലും തൊഴിലാളികൾ ആവശ്യങ്ങൾ നന്നായി മനസിലാക്കി.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനുപകരം ഇന്ദിരാഗാന്ധി സർക്കാർ സമരത്തെ അടിച്ചമർത്താൻ അവശ്യസേവന പരിപാലന നിയമവും, മറ്റ് തൊഴിലാളി വിരുദ്ധ ഓർഡിനൻസുകളും പ്രയോഗിച്ചു. തൊഴിലാളികൾ പതറിയില്ല; 1960-ലെ സമരത്തെ 'സിവിൽ കലാപ"മായി കണക്കാക്കി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അതിനെ അടിച്ചമർത്തിയതിന്റെ കയ്പേറിയ അനുഭവം അവർക്കു മുന്നിലുണ്ടായിരുന്നു. സമ്പന്നരെ പിന്തുണയ്ക്കുകയും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പോലും അവഗണിക്കുകയും ചെയ്യുന്ന സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയം തൊഴിലാളികൾ മനസിലാക്കിയിരുന്നു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ,​ അവശ്യ സർവീസ് സംരക്ഷണ നിയമം നടപ്പാക്കിയില്ലെങ്കിൽ സർക്കാരിനെ പിരിച്ചുവിടുന്നത് ആലോചിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടും സമരം ചെയ്യുന്ന സർക്കാർ ജീവനക്കാർക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് പ്രഖ്യാപിച്ചു.

ആയിരക്കണക്കിന് തൊഴിലാളിമാർ അറസ്റ്റിലും ജയിലിലുമാവുകയും പിരിച്ചുവിടപ്പെടുകയും കഠിന ശിക്ഷാ നടപടികൾക്ക് ഇരകളാക്കപ്പെടുകയും ചെയ്തു. കേന്ദ്ര ജീവനക്കാരുടെ യൂണിയനുകൾക്ക് അംഗീകാരം നഷ്ടപ്പെട്ടു. അതിനുശേഷം അരനൂറ്റാണ്ടു പിന്നിട്ടു. ജീവിതച്ചെലവ് വർദ്ധിക്കുമ്പോഴെല്ലാം തൊഴിലാളികൾക്ക് ഇപ്പോൾ ഡി.എ സ്വയമേവ ലഭിക്കുന്നു. സാധാരണഗതിയിൽ,​ ഒറ്റപ്പെട്ട കേസുകളിൽ ഒഴികെ, സമരത്തിൽ പങ്കെടുക്കുന്നതിന് ഡൈസ്‌നോൺ മാത്രമേ നൽകൂ. എങ്കിലും ഡോ. അക്രോയ്ഡ് ഫോർമുല പ്രകാരം നിലവിൽ 26,000 രൂപയോളം വരുന്ന മിനിമം വേതനം നമുക്ക് ലഭിക്കേണ്ടതായുണ്ട്.

മോദി സർക്കാർ കേന്ദ്ര ജീവനക്കാരുടെയും തൊഴിലാളികളുടെയും ന്യായമായ ആവശ്യങ്ങൾ പാടെ അവഗണിക്കുന്നു. പഴയ പെൻഷൻ സ്‌കീം പുനഃസ്ഥാപിക്കുക, എട്ടാം ശമ്പള കമ്മിഷൻ നിയമിക്കുക, 65/70/75 വർഷത്തിനു ശേഷമുള്ള അധിക പെൻഷൻ, ഫിക്സഡ് മെഡിക്കൽ അലവൻസിൽ വർദ്ധനവ് തുടങ്ങിയ ആവശ്യങ്ങൾ ന്യായീകരണമില്ലാതെ നിരാകരിക്കപ്പെടുന്നു. കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും അനുകൂലമായി തൊഴിലാളിമാർ കഷ്ടപ്പെട്ട് നേടിയെടുത്ത അവകാശങ്ങൾ എടുത്തുകളയുന്നു. ഐതിഹാസിക സമരത്തിന്റെ 56-ാം വാർഷികത്തിൽ, അന്നത്തെ സമരത്തിനു നേർക്കുണ്ടായ പൊലീസ് വെടിവയ്പിലും മറ്റും ജീവൻ ബലിയർപ്പിക്കേണ്ടി വന്ന പതിനേഴ് രക്തസാക്ഷികൾക്കു മുന്നിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സമരത്തിനു നേതൃത്വം നൽകിയ മഹാന്മാരായ നേതാക്കന്മാർ, ആഹ്വാനം നടപ്പിലാക്കിയ തൊഴിലാളിമാർ... അവരെയെല്ലാം ഞങ്ങൾ ഓർക്കുന്നു. ചിലർ ഇപ്പോൾ നമ്മോടൊപ്പമില്ല. മഹത്തായ സമരത്തിന്റെ ഭാഗമാവുകയും തൊഴിലാളി വർഗത്തിന്റെ നല്ല ഭാവിക്കായി സംഭാവന ചെയ്യുകയും ചെയ്ത ആ സഖാക്കളെ നമ്മൾ എന്നും സ്മരിക്കും. നീതിക്കുവേണ്ടിയുള്ള ഭാവി പോരാട്ടങ്ങൾക്ക് അവരുടെ ആവേശകരമായ ഓർമ്മ പ്രചോദനം നൽകട്ടെ.