s

കൊല്ലം: തിരുവോണ നാളിൽ വൈകിട്ട് മയ്യനാട്ടുണ്ടായ സംഘർഷത്തിൽ പ്ലസ് ടു വിദ്യാർത്ഥികളായ രണ്ടുപേർക്ക് കത്തിക്കുത്തേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു. പരിക്കേറ്റ ചകിരിക്കട സ്വദേശികളായ മുഹമ്മദ് ജസീർ (17), മുഹമ്മദ് ഷീർ (17) എന്നിവർ മറ്റ് ചില സുഹൃത്തുക്കളെ കാണാനാണ് മയ്യനാട് വെള്ളമണൽ സ്‌കൂളിന് സമീപത്ത് എത്തിയത്.

ഈ സമയം സുഹൃത്തുക്കളും മറ്റ് ചിലരുമായുണ്ടായ വാക്കുതർക്കത്തിലും പിടിവലിയിലും ഇവരും ഇടപെട്ടു. പ്രശ്‌നം രൂക്ഷമാകാതെ മുതിർന്നവർ ഇരുകൂട്ടരെയും പിരിച്ചുവിട്ടു. എന്നാൽ സംഭവ സ്ഥലത്ത് നഷ്‌ടപ്പെട്ട താക്കോൽ തെരയാനായി ഇരുവരും വെള്ളമണൽ സ്‌കൂളിന് സമീപത്തെത്തിയപ്പോൾ നേരത്തെയുണ്ടായ സംഘർഷത്തിന്റെ പേരിൽ ചിലർ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. വയറ്റിലും നെഞ്ചിലുമേറ്റ പരിക്കുകളെ തുടർന്ന് ഇരുവരും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ലഹരി സംഘങ്ങൾക്ക് അക്രമത്തിൽ പങ്കുള്ളതായി വിവരം ലഭിച്ചെങ്കിലും പൊലീസ് സ്ഥിരീകരണമില്ല.