
കുറ്റ്യാടി: മുണ്ടകുറ്റിക്കനാൽ പാലത്തിനടുത്തെ അനശ്വര അങ്കണവാടിയുടെ ജനൽച്ചില്ലുകൾ തകർത്തതായി പരാതി. ഇന്നലെ രാവിലെ 9ന് ജീവനക്കാർ മുൻവശത്തെ വാതിൽ തുറന്നപ്പോഴാണ് ഇരുവശങ്ങളിലെയും ജനൽച്ചില്ലുകൾ തകർന്ന് കിടക്കുന്നത് കണ്ടത്. ദിവസങ്ങൾക്ക് മുമ്പാണ് മുണ്ടകുറ്റി അയ്യപ്പക്ഷേത്രത്തിലെ ദീപസ്തംഭം സാമൂഹ്യ വിരുദ്ധർ തകർത്തത്. ഈ സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്ഷേത്രത്തിൽ നിന്ന് മീറ്ററുകൾ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന അങ്കണവാടിക്ക് നേരെയും ആക്രമണമുണ്ടായത്.
സമീപ പ്രദേശങ്ങളിലെ 12 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. പ്രദേശത്ത് തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ പരിസരവാസികൾ ആശങ്കയിലാണ്. സംഭവങ്ങൾ അപലപനീയമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്തും സെക്രട്ടറി ടി.വി.സുജിത്തും പറഞ്ഞു. പഞ്ചായത്ത് തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
ഫോട്ടോ: തകർന്ന ജനൽച്ചില്ലുകൾ