cricket

ഇന്ത്യ -ബംഗ്ളാദേശ് ആദ്യ ടെസ്റ്റ് ഇന്ന് ചെന്നൈയിൽ തുടങ്ങുന്നു

ചെന്നൈ : ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ഫോർമാറ്റിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം തിരിച്ചെത്തുമ്പോൾ എതിരാളികളാവുന്നത് പാകിസ്ഥാനിൽ ചെന്ന് അവരെ പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും തകർത്തെറിഞ്ഞ ബംഗ്ളാദേശ്. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. രണ്ട് മത്സരപരമ്പരയിലെ ആദ്യ ടെസ്റ്റിന് ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയമാണ് വേദിയാവുന്നത്. മാർച്ചിൽ ഇംഗ്ളണ്ടിനെതിരെയാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്. അന്ന് അഞ്ചുമത്സരപരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം സീസണിലും ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് സ്വാഭാവിക ഗതിയിൽ ബംഗ്ളാദേശ് വലിയ വെല്ലുവിളിയല്ലെങ്കിലും പാകിസ്ഥാനെതിരെ അവർ പുറത്തെടുത്ത അവിസ്മരണീയ പ്രകടനമാണ് ഈ പരമ്പരയേയും ആവേശകരമാക്കുന്നത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ വിരാട് കൊഹ്‌ലി,കെ.എൽ രാഹുൽ. രവീന്ദ്ര ജഡേജ,രവിചന്ദ്രൻ അശ്വിൻ,ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയർ താരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ,കുൽദീപ് യാദവ് , സിറാജ് എന്നിവരുമുള്ള ഇന്ത്യൻ ഇലവനിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നത് റിഷഭ് പന്തിന്റെ തിരിച്ചുവരവാണ്. 2022 ഡിസംബറിലെ കാറപകടത്തിന് ശേഷം ആദ്യമായാണ് പന്ത് ടെസ്റ്റ് മത്സരങ്ങൾക്ക് ഇറങ്ങുന്നത്.

കഴിഞ്ഞ മാസം പാകിസ്ഥാനെ തോൽപ്പിച്ച ടീമിൽ വലിയ മാറ്റങ്ങളില്ലാതെയാകും ബംഗ്ളാദേശ് കളത്തിലിറങ്ങുക. നജ്മുൽ ഹുസൈൻ ഷാന്റോയാണ് ബംഗ്ളാദേശിനെ നയിക്കുന്നത്. പരിചയസമ്പന്നരായ ഷാക്കിബ് അൽ ഹസൻ,മുഷ്ഫിഖുർ റഹിം,മോമിനുൽ ഹഖ്,ലിട്ടൺ ദാസ്,ഷദ്‌മാൻ ഇസ്ളാം,സാക്കിർ ഹസൻ തുടങ്ങിയവരാണ് ബാറ്റിംഗിലെ കരുത്ത്. പേസർമാരായ ടാസ്കിൻ അഹമ്മദും ഹസൻ മഹ്മുദും നഹീദ് റാണയും പാകിസ്ഥാനെതിരെ ഗംഭീരപ്രകടനമാണ് പുറത്തെടുത്തത്. ചെന്നൈയിലെ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കാൻ സാദ്ധ്യതയുള്ളതിനാൽ നഹീദിന് പകരം തൈജുൽ ഇസ്ളാമിനെ കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്. മെഹ്ദി ഹസനും ഷാക്കിബുമാണ് സ്പിൻ ബൗളിംഗിലെ മുന്നണിപ്പോരാളികൾ.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : രോഹിത് ശർമ്മ (ക്യാപ്ടൻ),യശസ്വി ജയ്സ്വാൾ,ശുഭ്മാൻ ഗിൽ, വിരാട് കൊഹ്‌ലി,കെ.എൽ രാഹുൽ. രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്.

ബംഗ്ളാദേശ് : ഷദ്‌മാൻ ഇസ്ളാം,സാക്കിർ ഹസൻ, നജ്മുൽ ഹുസൈൻ ഷാന്റോ, ഷാക്കിബ് അൽ ഹസൻ,മുഷ്ഫിഖുർ റഹിം, മോമിനുൽ ഹഖ്,ലിട്ടൺ ദാസ്, മെഹ്‌ദി ഹസൻ, ടാസ്കിൻ അഹമ്മദ്, ഹസൻ മഹ്മുദ്, നഹീദ് റാണ/ തൈജുൽ ഇസ്ളാം.

പിച്ചും കാലാവസ്ഥയും ചുവന്ന മണ്ണിൽ തയ്യാറാക്കിയ ചെന്നൈയിലെ പിച്ച് പേസർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ പിന്തുണ നൽകുമെന്നാണ് കരുതുക.ചെന്നൈയിലെ കനത്ത ചൂട് ഇരു ടീമുകൾക്കും വെല്ലുവിളിയാകും. ആദ്യ ദിവസങ്ങൾക്ക് ശേഷം ചൂടിൽ പിച്ച് വിണ്ടുകീറിത്തുടങ്ങിയാൽ സ്പിന്നർമാർക്ക് കാര്യങ്ങൾ എളുപ്പമാകും.

17

2012 ന് ശേഷം നടന്ന 17 ഹോംടെസ്റ്റ് പരമ്പരകളിലും തോൽവിയറിയാത്ത ടീമാണ് ഇന്ത്യ.

632

ദിവസങ്ങൾക്ക് ശേഷമാണ് റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങുന്നത്.

മികച്ച നിലവാരമുള്ള ടീമാണ് ബംഗ്ളാദേശിന്റേത്. ഷാക്കിബും മുഷ്ഫിഖുറുമൊക്കെ പരിചയസമ്പന്നരാണ്. മികച്ച പേസർമാരും സ്പിന്നർമാരും അവർക്കുണ്ട്. അതുകൊണ്ടുതന്നെ ആദ്യ പന്തുമുതൽ മത്സരത്തിന്റെ നിയന്ത്രണം സ്വന്തമാക്കാനാണ് ഞങ്ങൾ ശ്രമിക്കുക.

- ഗൗതം ഗംഭീർ, ഇന്ത്യൻ കോച്ച്

പാകിസ്ഥാനെതിരായ വിജയം ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. എന്നാൽ ഇത് പുതിയ പരമ്പരയാണ്. വ്യത്യസ്തരായ ഒരു ടീമിനെയാണ് നേരിടേണ്ടത്. ഫലത്തേക്കുറിച്ച് ചിന്തിക്കുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം.

- നജ്മുൽ ഹുസൈൻ ഷാന്റോ, ബംഗ്ളാദേശ് ക്യാപ്ടൻ

9.30 am മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും ലൈവ്.