sports

ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തുടക്കം. രാവിലെ 9.30നാണ് രണ്ട് മത്സരങ്ങളുള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ കളി. കഴിഞ്ഞ മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമുള്ള ആദ്യത്തെ റെഡ് ബോള്‍ മത്സരം എന്ന പ്രത്യേകതയുമുണ്ട് ചെന്നൈ ടെസ്റ്റിന്.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോഡ് നീട്ടിക്കൊണ്ട് പോകാന്‍ ഉറച്ച് തന്നെയാകും രോഹിത് ശര്‍മ്മയും സംഘവും ഇറങ്ങുക. ഇന്ത്യയെ ഇതുവരെ ടെസ്റ്റ് മത്സരത്തില്‍ തോല്‍പ്പിക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞിട്ടില്ല. 13 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 11ലും ഇന്ത്യ വിജയിച്ചു, രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. എന്നാല്‍ സമീപകാല റെക്കോഡില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

പാകിസ്ഥാനെ അവരുടെ നാട്ടില്‍ 2-0ന് ടെസ്റ്റ് പരമ്പരയില്‍ അടിയറവ് പറയിപ്പിച്ചത് കടുവകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബംഗ്ലാ നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ നേരത്തെ തന്നെ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനെക്കാള്‍ ശക്തരാണ് ഇന്ത്യയെന്നും വലിയ വെല്ലുവിളിയായിരിക്കും ഇന്ത്യയില്‍ കളിക്കുകയെന്നും തങ്ങള്‍ക്ക് നന്നായി അറിയാമെന്നും ഷാന്റോ കൂട്ടിച്ചേര്‍ത്തിരുന്നു.

മറുവശത്ത് ബംഗ്ലാദേശിനെ ചെറുതായി കാണാന്‍ ഇന്ത്യ തയ്യാറല്ല. അയല്‍വാസികളുമായുള്ള പരമ്പരയ്ക്ക് ശേഷം നാട്ടില്‍ ന്യൂസിലാന്‍ഡിനോട് മൂന്ന് ടെസ്റ്റുകളും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയും ഒക്ടോബര്‍ മുതല്‍ ഇന്ത്യ കളിക്കും. ബംഗ്ലാദേശ് പരമ്പരയില്‍ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, കെ.എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം കളിക്കുന്നുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ ആ സ്ഥാനം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പരമ്പരയ്ക്ക് ഇറങ്ങുന്നത്.

ബംഗ്ലാദേശ് നിരയില്‍ ശ്രദ്ധിക്കേണ്ട താരങ്ങള്‍: മുഷ്ഫിഖ്വര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍ മിറാസ്, മൊമിനുള്‍ ഹഖ്, ലിറ്റണ്‍ ദാസ്, നഹീദ് റാണ, ഹസന്‍ മഹ്മൂദ്