
ബെയ്റൂട്ട്:ലെബനനിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഓപ്പറേഷനിൽ ആയിരക്കണക്കിന് പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഹിസ്ബുള്ള അംഗങ്ങളുടെ ആയിരക്കണക്കിന് വാക്കിടോക്കികളും ഇന്നലെ ഒരേസമയം പൊട്ടിത്തെറിച്ചു. ഒൻപതുപേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക്പരിക്കേറ്റു. പേജർ സ്ഫോടനങ്ങളിൽ 12 പേർ മരിക്കുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കിഴക്കൻ ലെബനനിൽ ലാൻഡ്ഫോണുകളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്.
തെക്കൻ ലെബനനിൽ വ്യാപകമായും ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുമാണ് ഇന്നലെ ഉച്ചതിരിഞ്ഞ് വാക്കി ടോക്കി സ്ഫോടനങ്ങൾ ഉണ്ടായത്. എല്ലാം ഹിസ്ബുള്ള കേന്ദ്രങ്ങളാണ്.
ചൊവ്വാഴ്ച പേജർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങിനിടെയും വാക്കി ടാക്കി സ്ഫോടനമുണ്ടായി.
അഞ്ച് മാസം മുമ്പ് കൊണ്ടുവന്ന വാക്കിടോക്കികളാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച പേജറുകൾക്കൊപ്പം എത്തിച്ചതാണ് വാക്കി ടാക്കികളും. പേജറുകളിൽ സ്ഫോടക വസ്തു വച്ച് മെസേജ് അയച്ചാണ് മോസാദ് സ്ഫോടനങ്ങൾ നടത്തിയത്.
പേജറും ബോംബാക്കി ഇസ്രയേൽ
ബെയ്റൂട്ട്: ലെബനനെ നടുക്കി ഹിസ്ബുള്ളയുടെ ആയിരക്കണക്കിന് പേജറുകൾ ഒറ്റ മെസേജിലൂടെ പൊട്ടിത്തെറിപ്പിച്ച് ഇസ്രയേലി ഇന്റലിജൻസ് ഏജൻസി മൊസാദ്. സയൻസ് ഫിക്ഷന് സമാനമായ ഓപ്പറേഷൻ. വിദേശത്തുനിന്നെത്തിയ പേജറുകളിൽ സ്കാനറുകൾക്കു പോലും കണ്ടുപിടിക്കാനാവാതെ സ്ഫോടകവസ്തു വച്ചാണ് സ്ഫോടനങ്ങൾ നടത്തിയത്. രണ്ട് കുട്ടികളുൾപ്പെടെ 12 പേർ മരിച്ചു. 2800 പേർക്ക് പരിക്കുപറ്റി.
ഹിസ്ബുള്ളയുടെ സ്വന്തം ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയിലാണ് മൊസാദ് നുഴഞ്ഞുകയറിയത്. ശത്രുക്കൾ ട്രാക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ഹിസ്ബുള്ള മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചാണ് പേജറുകൾ ഉപയോഗിച്ചത്. അൺഎൻക്രിപ്റ്റഡ് ചാനലുകളും പഴഞ്ചൻ സോഫ്റ്റ്വെയറുകളും ആയതിനാൽ പേജറുകളെ ആക്രമിക്കുക എളുപ്പമാണ്. അത് മൊസാദ് നന്നായി ഉപയോഗിച്ചു.
ഒറ്റ സന്ദേശം, സ്ഫോടനം
തായ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ ലോഗോയും ലൈസൻസും ഉപയോഗിച്ച് ഹംഗറിയിലെ ബി.എ.സി കമ്പനിയാണ് പേജറുകൾ നിർമ്മിച്ചത്
ഹംഗറിയിലെ ഫാക്ടറിയിൽ ഹിസ്ബുള്ളയ്ക്കായി നിർമ്മിച്ച 5,000 പേജറുകൾ മൊസാദ് ചാരന്മാർ തിരിച്ചറിയുന്നു
നിർമ്മാണത്തിനിടെ പേജറിലെ ലിഥിയം - അയൺ ബാറ്ററിയോട് ചേർന്ന് 20 ഗ്രാം സ്ഫോടക വസ്തുവും (Pentaerythritol) റിമോട്ട് സ്വിച്ചും സ്ഥാപിച്ചു.
മാസങ്ങൾക്കു ശേഷം ഇവ ലെബനനിലേക്ക് അയച്ചു
ചൊവ്വാഴ്ച വൈകിട്ട് 3.45. പേജറുകളിലേക്ക് ഹിസ്ബുള്ള നേതൃത്വത്തിന്റേതെന്ന വ്യാജേന ഒരു മെസേജ് എത്തി. പേജറുകൾ 10 സെക്കൻഡ് വൈബ്രേറ്റ് ചെയ്യുന്നു.
പേജറിലെ സ്വിച്ച് ആക്ടീവായി. സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു.
ആളുകളുടെ കൈയിലും പോക്കറ്റിലും സ്ഫോടനം.
സ്ഫോടന പരമ്പര ഒരു മണിക്കൂറോളം നീണ്ടു.
അന്ന് ഫോൺ പൊട്ടിത്തെറി
1996ൽ ഹമാസിന്റെ ബോംബ് നിർമ്മാണ വിദഗ്ദ്ധനായ യഹ്യാ അയാഷിനെ ഫോണിൽ ഇസ്രയേലി ചാരന്മാർ 15 ഗ്രാം ആർ.ഡി.എക്സ് വച്ചു. പിതാവുമായുള്ള ഫോൺ കോളിനിടെ സ്ഫോടനം.