football

കോഴിക്കോട് : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്നലെ കാലിക്കറ്റ് എഫ്.സിയുമായി ഫോഴ്സ കൊച്ചി എഫ്.സി 1-1ന് സമനിലയിൽ പിരിഞ്ഞു. മൂന്ന് മത്സരങ്ങളിൽ ഇരു ടീമുകളുടെയും രണ്ടാമത്തെ സമനിലയാണിത്.

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗനി അഹമ്മദിന്റെ ഗോളിലൂടെ കാലിക്കറ്റാണ് ആദ്യം മുന്നിലെത്തിയത്. 41-ാം മിനിട്ടിലായിരുന്നു ഗനിയുടെ ഗോൾ. 75-ാം മിനിട്ടിൽ എൻഗ്യുബോയാണ് ഫോഴ്സയ്ക്ക് വേണ്ടി സമനില ഗോൾ നേടിയത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റുള്ള കാലിക്കറ്റ് എഫ്.സിയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ഇതുവരെ ജയിക്കാൻ കഴിയാത്ത ഫോഴ്സ കൊച്ചി രണ്ട് പോയിന്റുമായി അഞ്ചാമതാണ്. ലീഗിൽ നാളെ നടക്കുന്ന അടുത്ത മത്സരത്തിൽ മലപ്പുറം എഫ്.സി തൃശൂർ മാജിക് എഫ്.സിയെ നേരിടും.