
ബെയ്റൂട്ട്:ലെബനനിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഓപ്പറേഷനിൽ ആയിരക്കണക്കിന് പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഹിസ്ബുള്ള അംഗങ്ങളുടെ ആയിരക്കണക്കിന് വാക്കിടോക്കികളും ഇന്ന്  ഒരേസമയം പൊട്ടിത്തെറിച്ചു. മൂന്ന് പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. പേജർ സ്ഫോടനങ്ങളിൽ 12 പേർ മരിക്കുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കിഴക്കൻ ലെബനനിൽ ലാൻഡ്ഫോണുകളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്. തെക്കൻ ലെബനനിൽ വ്യാപകമായും ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുമാണ് ഇന്ന്  ഉച്ചതിരിഞ്ഞ് വാക്കി ടോക്കി സ്ഫോടനങ്ങൾ ഉണ്ടായത്. എല്ലാം ഹിസ്ബുള്ള കേന്ദ്രങ്ങളാണ്. ബയ്റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനൻ എന്നിങ്ങനെ മൂന്നിടത്ത് സ്ഫോടനമുണ്ടായതായാണ് ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച പേജർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങിനിടെയും വാക്കി ടാക്കി സ്ഫോടനമുണ്ടായി.
അഞ്ച് മാസം മുമ്പ് കൊണ്ടുവന്ന വാക്കിടോക്കികളാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച പേജറുകൾക്കൊപ്പം എത്തിച്ചതാണ് വാക്കി ടാക്കികളും. പേജറുകളിൽ സ്ഫോടക വസ്തു വച്ച് മെസേജ് അയച്ചാണ് മോസാദ് സ്ഫോടനങ്ങൾ നടത്തിയത്.
ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങളാണ്. ഇതിൽ ഇരുനൂറിലേറെപ്പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചത്തെ സ്ഫോടനത്തിൽ മുഖത്തും കൈയിലും വയറ്റിലുമാണ് മിക്കവർക്കും പരിക്ക്. ഹിസ്ബുള്ളയുടെ എം.പിമാരായ അലി അമ്മാർ, ഹസ്സൻ ഫദ്ലള്ള എന്നിവരുടെ ആൺമക്കളും ഹിസ്ബുള്ള അംഗത്തിന്റെ പത്തുവയസ്സുകാരി മകളും മരിച്ചവരിലുൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.