
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാര്‍ഷിക വരുമാനം പത്ത് കോടിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഈ വര്‍ദ്ധനവ്. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്നതും ഒപ്പം ഐടി രംഗത്തെ ഇന്ത്യക്കാരുടെ തൊഴില്‍ നൈപുണ്യവും വളര്‍ച്ചയില്‍ നിര്‍ണായക ഘടകങ്ങളായെന്നാണ് വിലയിരുത്തല്‍. സമ്പന്നരായ ഉദ്യോഗസ്ഥരുടെ കണക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 63 ശതമാനം വര്‍ദ്ധനവുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് ശക്തിയാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉളളത്. പത്ത് കോടിയില്‍ അധികം വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് സമ്പന്ന വിഭാഗത്തിന്റെ വളര്‍ച്ചയുടെ അളവിനെ കൂടി സൂചിപ്പിക്കുന്നതാണ്. പ്രമുഖ ഇക്വിറ്റി ഗവേഷണ സ്ഥാപനമായ സെന്‍ട്രം ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍ച്ചാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
വാര്‍ഷിക വരുമാനം 10 കോടി രൂപയിലധികമുളള ഏകദേശം 31,800 വ്യക്തികളാണ് ഇപ്പോള്‍ ഇന്ത്യയിലുളളത്. പ്രതിവര്‍ഷം 5 കോടിയിലധികം സമ്പാദിക്കുന്ന വ്യക്തികളുടെ എണ്ണം 58,200 ആയും ഉയര്‍ന്നിട്ടുണ്ട്. പ്രതിവര്‍ഷം 50 ലക്ഷത്തിലധികം വരുമാനമുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തില്‍ അധികമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ലക്ഷം വാര്‍ഷിക വരുമാനമുള്ളവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തോളം വര്‍ദ്ധനവുണ്ടായിരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.