gold

തീരുവ കുറച്ചതോടെ ഔദ്യോഗിക ഇറക്കുമതി കൂടി

സ്വര്‍ണ കള്ളക്കടത്ത് കുറഞ്ഞു

കൊച്ചി: കേന്ദ്ര ബഡ്ജറ്റില്‍ എക്സൈസ് തീരുവ ഗണ്യമായി കുറച്ചതോടെ ആഗസ്റ്റില്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതിയില്‍ വന്‍കുതിപ്പുണ്ടായി. ഉത്സവകാലത്തെ ഉപഭോഗം ഉയര്‍ന്നതോടെ ആഗസ്റ്റില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി ജൂലായ് മാസത്തേക്കാള്‍ 221.41 ശതമാനം വര്‍ദ്ധനയോടെ 1006 കോടി ഡോളറായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 490 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യയിലെത്തിയത്. ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറച്ചിരുന്നു. ഇതോടെ കള്ളക്കടത്ത് അനാകര്‍ഷകമായതാണ് ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ സ്വര്‍ണ ഇറക്കുമതിക്ക് പ്രിയം വര്‍ദ്ധിപ്പിച്ചത്.

ഉത്സവ കാലയളവില്‍ ഉപഭോഗം വര്‍ദ്ധിച്ചതും തീരുവയിലെ ഇളവും ഇറക്കുമതി കൂടാന്‍ സഹായിച്ചെന്ന് വാണിജ്യ സെക്രട്ടറി ബാര്‍ത്വാള്‍ പറഞ്ഞു.ഇറക്കുമതി തീരുവ കുറച്ചതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ വിവിധ ഘട്ടങ്ങളിലായി പവന്‍ വിലയില്‍ 4,000 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ മൂലം ഒന്നര മാസത്തിനിടെ പവന്‍ വില വീണ്ടും പഴയ നിരക്കിന് അടുത്തെത്തി. ഇന്നലെ കേരളത്തില്‍ സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയിലെത്തി. ഗ്രാമിന്റെ വില 15 രൂപ കുറഞ്ഞ് 6,850 രൂപയായി.

ആഗസ്റ്റിലെ സ്വര്‍ണ ഇറക്കുമതി 84,400 കോടി രൂപ

വെള്ളി ഇറക്കുമതിയും പറക്കുന്നു

ആഗസ്റ്റില്‍ ഇന്ത്യയിലേക്കുള്ള വെള്ളി ഇറക്കുമതി ഏഴിരട്ടി വര്‍ദ്ധിച്ച് 11,038 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ആഗസ്റ്റില്‍ 1,317 കോടി രൂപയുടെ വെള്ളിയാണ് ഇന്ത്യ വാങ്ങിയത്.