
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിലും ഇമിഗ്രേഷനിലും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഓസ്‌ട്രേലിയ, യു.കെ, കാനഡ എന്നീ രാജ്യങ്ങൾ. വിസ നടപടിക്രമങ്ങൾ, പോസ്റ്റ് സ്റ്റഡി വർക്ക് വിസ,വിസ നയം, ഫീസ് വർദ്ധനവ്, വർദ്ധിച്ചു വരുന്ന വാടകയും ജീവിതച്ചെലവുകളും എല്ലാം വിദ്യാർത്ഥികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാൽ സമർത്ഥരായ വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കുന്നില്ല.
നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാവീണ്യ പരീക്ഷകൾ ഒഴിവാക്കി അഡ്മിഷൻ നേടുന്നവരെയാണ് ഇത്തരം പരിഷ്‌കാരങ്ങൾ പ്രതികൂലമായി ബാധിക്കുന്നത്. താമസസൗകര്യം ലഭിക്കുന്നതിന് കാനഡയിലും ഓസ്‌ട്രേലിയയിലും ഏറെ ബുദ്ധിമുട്ടുണ്ട്. യു.കെയിൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കാൻ പ്ലേസ്‌മെന്റ് ഓഫർ ലഭിക്കണം. സ്റ്റുഡന്റ് വിസ അനുവദിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. ഡോക്ടറൽ,ബിരുദാനന്തര വിദ്യാർത്ഥികൾക്ക് മാത്രമേ ഡിപെൻഡന്റ് വിസ അനുവദിക്കുന്നുള്ളൂ.
കാനഡ
എല്ലായ്‌പ്പോഴും അന്താരാഷ്ട്ര വിദ്യാർത്ഥികളെ സ്വാഗതം ചെയ്തിരുന്ന കാനഡയാണ് ഏറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ടോറോന്റോ,വൻകോവർ എന്നിവിടങ്ങളിൽ താമസ സൗകര്യം ലഭിക്കാൻ ഏറെ പരിമിതികളുണ്ട്. കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 35 ശതമാനത്തോളം കുറവുണ്ട്. പ്രതിവർഷം 2.4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠനത്തിനും ഇമിഗ്രേഷനുമായി ഇന്ത്യയിൽ നിന്നും കാനഡയിലെത്തുന്നത്. വിദ്യാർത്ഥികളുടെ സംരക്ഷണമെന്ന പേരിൽ കാനഡ കൂടുതൽ നിബന്ധനകൾ പുറത്തിറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഗ്യാരന്റീഡ് ഇൻവെസ്റ്റ്മെന്റ് സർട്ടിഫിക്കറ്റ്-GICയ്ക്കുള്ള തുക 10,000 കനേഡിയൻ ഡോളറിൽ നിന്ന് 20,635 ഡോളറാക്കി ഉയർത്തി. പി.ആർ അനുവദിക്കുന്നതിലും നിബന്ധനകളേറെയുണ്ട്. നിരവധി വിദ്യാർത്ഥികളാണ് വിസ നിയന്ത്രണം മൂലം മാതൃ രാജ്യത്തേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്നത്.
കാനഡ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്റ്റഡി പെർമിറ്റ്/സ്റ്റുഡന്റ് വിസ പ്രതിവർഷം നാലു ലക്ഷത്തിൽ നിന്നും 3.6 ലക്ഷമായി കുറച്ചു. സ്റ്റുഡന്റ് വിസയിൽ കാനഡയിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം 1.4ആണ്. കാനഡ ഇമിഗ്രേഷനിലൂടെ എത്തുന്നവരുടെ എണ്ണം ഒരുലക്ഷത്തോളം വരും. കാനഡയിലേക്ക് ഉപരിപഠനത്തിന് വരുമ്പോൾ ജീവിത പങ്കാളിക്ക് സ്പൗസ് വിസ അനുവദിക്കുമെങ്കിലും വർക്ക് പെർമിറ്റ് ലഭിക്കില്ല.
യൂറോപ്യൻ രാജ്യങ്ങൾ
വിദേശ രാജ്യങ്ങളിൽ നിലവിലുള്ള കടുത്ത സാമ്പത്തികമാന്ദ്യം യു.കെ, ജപ്പാൻ, ഓസ്‌ട്രേലിയ,യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യു.കെ അന്താരാഷ്ട്രവിദ്യാർത്ഥികൾക്കു പഠന കാലയളവിൽ അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജർമ്മനിയും,ഓസ്‌ട്രേലിയയും GIC തുക 10 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ജർമ്മൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള തുക 10 ലക്ഷമായും വർദ്ധിപ്പിച്ചു. ഓസ്‌ട്രേലിയ വർഷം തോറും 10 ശതമാനം തുക വർദ്ധിപ്പിച്ചുവരുന്നു. കൂടാതെ വിസ ഫീസ് ഇരട്ടിയിലധികമായും വർദ്ധിപ്പിച്ചു.