
കോട്ടയം : മഴ കഴിഞ്ഞിട്ട് ഒരാഴ്ച പോലും തികഞ്ഞില്ല, ചൂട് പൊള്ളിക്കുകയാണ്. ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തിയത് 34 ഡിഗ്രി. സംസ്ഥാനത്ത് രണ്ടാം സ്ഥാനം. വേനൽക്കാലത്തിന് സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിലെ തനിയാവർത്തനമായതിനാൽ കാലാവസ്ഥാ ഗവേഷകർ വരൾച്ചാ സൂചനയും നൽകുന്നുണ്ട്. വേനൽ മഴ കൂടുന്നതും കാലവർഷം കുറയുകയോ അല്ലെങ്കിൽ ദുർബലമാകുന്നതും പിന്നാലെ വേനൽ ശക്തമാകുന്നതുമാണ് പ്രവണത.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മഴയുടെ അളവിൽ 178 % വർദ്ധനയുണ്ടായിരുന്നു. പിന്നീട് വിട്ടു നിന്ന മഴ മേയ് അവസാനം 87 ശതമാനം വർദ്ധിച്ചു. സമീപകാലത്തെ ഏറ്റവും ശക്തമായ വേനൽ മഴയ്ക്കും കോട്ടയം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം വരെ മഴ തുടർന്നു.
വരാനിരിക്കുന്നത് കുടിവെള്ള ക്ഷാമം?
രണ്ടു വർഷം മുമ്പ് ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ചൂട് കൂടിയപ്പോഴാണ് ഒക്ടോബറിൽ കൂട്ടിക്കലിൽ ഉരുൾപൊട്ടലുണ്ടായത്. എന്നാൽ ഡിസംബർ അവസാനിക്കും മുൻപ് കുടിവെള്ള ക്ഷാമം രൂക്ഷമായി. നിലവിലെ സാഹചര്യത്തിൽ മാസാവസാനം വരെ ചൂട് ഉയർന്നു നിൽക്കുമെന്നും ചില ദിവസങ്ങളിൽ 35 ഡിഗ്രി വരെ ഉയരാമെന്നുമാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കും സാദ്ധ്യതയുണ്ട്.
മുന്നറിയിപ്പുകൾ
മലയോര - പടിഞ്ഞാറൻ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായേക്കും
നിർമ്മാണത്തിലിരിക്കുന്ന ശുദ്ധജല വിതരണ പദ്ധതികൾ പൂർത്തിയാക്കണം
പമ്പിംഗ് പ്രശ്നവും പൈപ്പ് പൊട്ടലും മൂലമുള്ള പ്രശ്നങ്ങളും പരമാവധി കുറയ്ക്കണം
പെയ്ത്തു വെള്ളം നിലനിറുത്താൻ ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണം
ശരാശരി ചൂട് 34 ഡിഗ്രി
മുറ്റത്ത് നിന്ന് കോൺഗ്രീറ്റ് ടൈലുകൾ മാറ്റി മണ്ണ് വിരിച്ചാൽ നാല് ഡിഗ്രി വരെ ചൂട് കുറയ്ക്കാൻ കഴിയും. കോൺഗ്രീറ്റ് നിർമാണങ്ങൾ കൂടുതലുള്ള സ്ഥലത്താണ് ചൂട് കൂടുതൽ - ശാസ്ത്ര നിരീക്ഷകർ.