instagram

ഇൻസ്റ്റഗ്രാം ഉപയോക്താക്കളായ 18 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടിൽ പുതിയ മാറ്റങ്ങൾ വരും. അടുത്തയാഴ്‌ച മുതൽ നിങ്ങളുടെ അക്കൗണ്ടുകളെല്ലാം 'ടീൻ അക്കൗണ്ട്' സെറ്റിംഗ്‌സിലേക്ക് മാറ്റപ്പെടും. ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവേഴ്‌സിന് മാത്രം കാണാനാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറും.

ഇൻസ്റ്റഗ്രാമിൽ കാണുന്ന ചിത്രങ്ങളും റീലുകളുമെല്ലാം പ്രായത്തിനനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും. അക്കൗണ്ടുകൾക്ക് മേൽ രക്ഷിതാക്കളുടെ മേൽനോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റൽ സെറ്റിംഗ്‌സിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷയാണ് ലക്ഷ്യം.

ഇൻസ്റ്റഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന ആശങ്കകൾ ശക്തമായതോടെയാണ് വിവിധ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഇൻസ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ നിർബന്ധിതരായത്.

മെസേജുകൾ അയക്കുന്നതിനും ടീൻ അക്കൗണ്ടുകളിൽ കർശനമായ നിയന്ത്രണങ്ങളുണ്ടാകും. 18 വയസിന് താഴെയുള്ളവർ തുടങ്ങുന്ന പുതിയ അക്കൗണ്ടുകളും നിലവിലുള്ള അക്കൗണ്ടുകളും അപ്‌ഡേറ്റ് എത്തുന്നതോടെ ടീൻ അക്കൗണ്ട് ആകും. നേരത്തേ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവർക്ക് ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാനാകൂ. അപരിചിതരായ ആളുകൾക്ക് ടീൻ അക്കൗണ്ടിലേക്ക് അനുവാദമില്ലാതെ സന്ദേശം അയയ്‌ക്കാനോ അവരെ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ സാധിക്കില്ല.