threat

മുംബയ്: സൂപ്പർതാരം സൽമാൻ ഖാന്റെ പിതാവും ബോളിവുഡിലെ പ്രശസ്‌ത ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ സലീം ഖാന് നേരെ വധഭീഷണി. വ്യാഴാഴ്‌ച പുലർച്ചെ 8.45ഓടെയായിരുന്നു സംഭവം. ബാന്ദ്ര വെസ്‌‌റ്റിലെ അദ്ദേഹത്തിന്റെ താമസസ്ഥലമായ ഗാലക്‌സി അപാർട്ട്‌മെന്റിന് സമീപത്തുവച്ചായിരുന്നു ഒരു സ്‌കൂട്ടറിലെത്തിയ സ്‌‌ത്രീയും പുരുഷനും ഭീഷണിമുഴക്കിയത്. ഈയടുത്തുള്ള ദിവസങ്ങളിൽ ഇത് രണ്ടാം തവണയാണ് സലീം ഖാന് നേരെ വധഭീഷണിയുണ്ടായത്. സംഭവത്തിൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

മകൻ സൽമാൻ ഖാനോട് ശത്രുതയുള്ള ലോറൻസ് ബിഷ്‌ണോയിയുടെ പേരുപറഞ്ഞായിരുന്നു ഇത്തവണ ഭീഷണി. ഇന്ന് പ്രഭാത നടത്തത്തിനിടെ സലീം ഖാൻ അൽപം ക്ഷീണിച്ചതോടെ ഒരു ബെഞ്ചിൽ വിശ്രമിക്കാനിരുന്നു. ഈ സമയം സ്‌കൂട്ടറിൽ അവിടെയെത്തിയ സ്‌ത്രീയും പുരുഷനും ലോറൻസ് ബിഷ്‌ണോയിയെ അയക്കട്ടെ? എന്ന് സലീം ഖാനോട് ചോദിച്ചു. സ്‌ത്രീ ബുർഖ ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ല എന്നാണ് വിവരം. ഭീഷണി ചോദ്യത്തിന് ശേഷം ഇരുവരും സ്‌കൂട്ടറിൽ ഉടൻ സ്ഥലംവിട്ടു.

സലീം ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ദീപക് ബോർസെയുടെ പരാതിയിൽ ബാന്ദ്ര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണെന്നും പ്രതികൾക്കായി തിരച്ചിൽ വ്യാപകമാക്കിയെന്നും പൊലീസ് ഇൻസ്‌പെക്‌ടർ സഞ്ജയ് മറാത്തെ പറഞ്ഞു.

സൽമാൻ ഖാന് നേരെ നിരന്തരം ഭീഷണിയും വെടിവയ്‌പും നടന്നതിന് പിന്നാലെയാണ് ഇപ്പോൾ സലീം ഖാന് നേരെയും ഭീഷണിയുണ്ടായത്. താരത്തിന്റെ വീടായ ഗാലക്‌സി അപാർട്ട്‌മെന്റിന് താഴെ രണ്ടുപേർ വെടിവയ്‌പ് നടത്തിയത് ഏപ്രിൽ 14നാണ് . പിന്നാലെ ബിഷ്‌ണോയി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ' സൽമാന് നൽകുന്ന ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്' എന്നാണ് സംഘം അന്ന് പ്രതികരിച്ചത്.

ആക്രമണകാരികളായ വിക്കി ഗുപ്‌ത (24), സാഗർ പൽ (23) എന്നിവരെ ഗുജറാത്തിലെ കച്ചിലെ ഭുജിൽ നിന്നും അറസ്‌റ്റ് ചെയ്‌തിരുന്നു. അക്രമികളിൽ ഒരാൾ പൊലീസ് കസ്‌റ്റഡിയിൽ മരിച്ചു. ഇന്ന് വധഭീഷണി മുഴക്കിയവരുടെ വാഹനത്തിന്റെ നമ്പരായ 7444 മാത്രമേ സലീം ഖാന് മനസിലാക്കാൻ സാധിച്ചുള്ളു. പിന്നാലെയാണ് പരാതി നൽകിയത്.

അമിതാഭ് ബച്ചൻ പ്രധാനവേഷത്തിലെത്തിയ ഷോലെ, സഞ്‌ജീർ, ഡോൺ, അനിൽ കപൂറിന്റെ മിസ്‌റ്റ‌ർ ഇന്ത്യ എന്നിങ്ങനെ ഒരുപിടി ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സലീം ഖാൻ.