
ബംഗളൂരു: ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ബംഗളൂരു അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. അടുത്ത 16 വർഷത്തിനുള്ളിൽ ബംഗളൂരു ഇക്കാര്യത്തിൽ ലോകത്തെ വൻകിട നഗരങ്ങളെപ്പോലും പിന്നിലാക്കുമെന്നാണ് 'ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ സെന്റി മില്യണയർ റിപ്പോർട്ട് 2024'ൽ പറയുന്നത്. നിലവിലെ കണക്കുപ്രകാരം ബംഗളൂരുവിൽ ഏകദേശം 13,200 കോടീശ്വരന്മാരാണുള്ളത്. ഇതിനുമുമ്പ് പുറത്തുവന്ന റിപ്പോർട്ടിലും ബംഗളൂരുവിലെ കോടീശ്വന്മാരുടെ വളർച്ചയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. കോടീശ്വരന്മാരുടെ എണ്ണത്തിൽ ബംഗളൂരുവിൽ 120 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ബംഗളൂരുവിന്റെ വളർച്ചയ്ക്ക് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുതിച്ചുയരുന്ന സാങ്കേതിക വ്യവസായം, മികച്ചുനിൽക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, ആവശ്യത്തിന് മികച്ച മനുഷ്യ മൂലധനം, ഉയർന്ന ജീവിത നിലവാരം തുടങ്ങിയവയാണ് ബംഗളൂരുവിനെ മുന്നോട്ടുകുതിക്കാൻ സഹായിക്കുന്നത്. ബംഗളൂരുവിനെ തങ്ങളുടെ കേന്ദ്രമാക്കാൻ ആഗോള കുത്തക ഭീമന്മാർപോലും മത്സരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബയ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലും കോടീശ്വരന്മാരുടെ എണ്ണം കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്.
ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട്. 54 ശതമാനമാണ് ആഗോളതലത്തിലെ വർദ്ധന. ചൈനയും, അമേരിക്കയുമാണ് മുന്നിൽ നിൽക്കുന്നത്. അമേരിക്കയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 81 ശതമാനം വർദ്ധനവുണ്ടായപ്പോൾ ചൈനയിൽ 108 ശതമാനമാണ് വർദ്ധിച്ചത്. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ യൂറോപ്പിൽ വെറും 26 ശതമാനം മാത്രമാണ് വർദ്ധന എന്നും ഓർക്കണം. നിലവിലെ കണക്കുകൾ പ്രകാരം 100 മില്യൺ ഡോളറോ അതിൽ കൂടുതലോ നിക്ഷേപിക്കാൻ തക്ക ആസ്തിയുള്ള 29,350 വ്യക്തികൾ നിലവിൽ ലോകമെമ്പാടും ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ശതകോടീശ്വരന്മാരിൽ മൂന്നിലൊന്നും 50 പ്രധാന നരങ്ങളിലാണ് താമസിക്കുന്നത്. അമേരിക്കിയലെ നഗരങ്ങൾ തന്നെയാണ് ഇവർക്ക് ഏറെ ഇഷ്ടവും. ന്യൂയോർക്ക് സിറ്റിയിൽ 744 ശതകോടീശ്വരന്മാരാണുള്ളത്. ബേ ഏരിയ (675), ലാേസാഞ്ചലസ് (496) അങ്ങനെ പോകുന്നു കണക്ക്. ഈ മൂന്നു നഗരങ്ങളിലും അടുത്ത ദശകത്തോടെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനയുണ്ടാകുമെന്നാണ് കരുതുന്നത്.
എന്നാൽ അമേരിക്കയെ ഉൾപ്പെടെ പിന്തള്ളി ഏഷ്യൻ നഗരങ്ങൾ കുതിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ബീജിംഗ്, സിംഗപ്പൂർ, ഷാങ്ഹായ്, ഹോങ്കോംങ് തുടങ്ങിയ നഗരങ്ങൾ ശതകോടീശ്വരന്മാടെ ലോകത്തിലെ മികച്ച 10 ഹോട്ട്‌സ്‌പോട്ടുകളിൽ ഉൾപ്പെടുന്നു. അതേസമയം യൂറോപ്യൻ നഗരങ്ങളുടെ വളർച്ച വളരെ മന്ദഗതിയിലാണ്.