hustler

മികച്ച മൈലേജിൽ താങ്ങാവുന്ന വിലയിൽ ഒരു കാറ് എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിന് പൊതുഗതാഗത സംവിധാനം അപര്യാപ്‌തമായ ഇക്കാലത്ത് സ്വന്തമായി കാറ് എന്ന ആഗ്രഹത്തിന് വളരെ പ്രസ‌ക്‌തിയുണ്ട്.

കുറഞ്ഞ ചെലവിൽ മദ്ധ്യവർഗ കുടുംബങ്ങളുടെ കൂട്ടുകാരനാകാൻ മാരുതി ഇപ്പോഴിതാ പുതിയ ഒരു മൈക്രോ എസ്‌യുവി തന്നെ ഇന്ത്യയിലിറക്കുകയാണ്. മൈലേജിൽ മാത്രമല്ല സ്‌റ്റൈലിഷ് ഡിസൈനിലും മുന്നിലാണ് മാരുതി പുറത്തിറക്കുന്ന ഹസ്‌ലർ. ആദ്യകാല ഹിറ്റായ മാരുതി 800, ആൾട്ടോ, വാഗൺ ആർ എന്നിവയ്‌ക്ക് ശേഷം ഇനി ഇന്ത്യൻ വിപണി പിടിക്കാൻ ഹസ്‌ലറിനെ ഇറക്കിയിരിക്കുകയാണ് മാരുതി.

എന്നാണ് ഹസ്‌ലർ ഇന്ത്യയിലിറങ്ങുക എന്നത് വ്യക്തമല്ല. ഓഗസ്‌റ്റ് മാസത്തിൽ വാഹനത്തിന്റെ പരീക്ഷണയോട്ടം ഇന്ത്യയിൽ നടത്തിയിരുന്നു. 3.3 മീറ്റർ നീളമുള്ള 2.4 മീറ്റർ വീൽബേസുമുള്ള കാറാണ് ഹസ്‌ലർ. ഏതാണ്ട് മാരുതിയുടെ തന്നെ ആൾട്ടോയുടെയും എം‌ജി കോമറ്റിന്റെയുമത്രയാകും വലിപ്പം. ടാറ്റ പഞ്ച് അടക്കം കാറുകളോടാകും ഹസ്‌ലർ മത്സരിക്കേണ്ടത്.

റൗണ്ട് ഹെഡ്‌ലൈറ്റും മിനുസമേറിയ റേഡിയേറ്റർ ഗ്രില്ലും സിവിറ്റി ഓട്ടോമാ‌റ്റിക് ട്രാൻസ്‌മിഷനുമുള്ള ഹസ്‌ലറിന് 660 സിസി 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണുള്ളത്. ട്രാഫിക് പ്രശ്‌നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നഗരങ്ങളിൽ പോലും മികച്ച മൈലേജ് ഹസ്‌ലറിന് നൽകാൻ സാധിക്കും എന്നർത്ഥം. ടച്‌സ്‌ക്രീൻ ഡിസ്‌പ്ളേ, ഗൂഗിൾ മാപ്പ് കൺട്രോൾ, മ്യൂസിക് പ്ളേ, മൊബൈൽ ചാർജിംഗ് പോർട്ട്, ബ്ളൂ‌ടൂത്ത് കണക്‌ടിവിറ്റി എന്നിങ്ങനെ നിരവധി ഫീച്ചറുകളും ഹസ്‌ലറിനുണ്ട്. 2.40 ലക്ഷം മുതൽ ആറ് ലക്ഷം വരെയാകും ഹസ്‌ലറിന് വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ശരിയായ വില കമ്പനി പുറത്തുവിട്ടിട്ടില്ല.