
വിപണികൾക്ക് ആഹ്ളാദം
അര ശതമാനം പലിശ കുറച്ച് ഫെഡറൽ റിസർവിന്റെ അപ്രതീക്ഷിത നീക്കം
കൊച്ചി: സാമ്പത്തിക ഉണർവിനായി അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചതോടെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയേറുന്നു. നാണയപ്പെരുപ്പം കുറഞ്ഞതും തൊഴിൽ വിപണിയിലെ തളർച്ചയും കണക്കിലെടുത്ത് നാല് വർഷത്തിനിടെ ഇതാദ്യമായാണ് ഫെഡ് പലിശ കുറച്ചത്. ഈ വർഷം യൂറോപ്പിലെയും ഏഷ്യയിലെയും കേന്ദ്ര ബാങ്കുകളും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഇന്ന് നടക്കുന്ന യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ യോഗത്തിൽ പലിശ കുറയ്ക്കാൻ സാദ്ധ്യതയില്ല. അമേരിക്കൻ ഓഹരി വിപണി ബുധനാഴ്ച നഷ്‌ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. എന്നാൽ ഏഷ്യൻ, യൂറോപ്യൻ ഓഹരികൾ ഇന്നലെ നേട്ടമുണ്ടാക്കി. അടുത്ത മാസം ആദ്യ വാരം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയത്തിൽ പലിശ നിരക്കിൽ നേരിയ കുറവ് പ്രഖ്യാപിച്ചേക്കും. ഈ വർഷം വീണ്ടും ഫെഡ് പലിശ കുറയ്ക്കാനും സാദ്ധ്യതയേറെയാണ്.
ചരിത്ര നേട്ടത്തോടെ ഇന്ത്യൻ ഓഹരി വിപണി
ഫെഡറൽ റിസർവിന്റെ പലിശ തീരുമാനത്തിന് പിന്നാലെ ഇന്ത്യൻ ഓഹരികൾ ഇന്നലെ റെക്കാഡ് ഉയരത്തിലെത്തി. അമേരിക്കയിൽ പലിശ കുറയുന്നതോടെ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കൂടിയേക്കും. ബോംബെ ഓഹരി സൂചിക 236.57 പോയിന്റ് നേട്ടവുമായി 83,184.80ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നിഫ്‌റ്റി 36.25 പോയിന്റ് ഉയർന്ന് 25,415.80ൽ അവസാനിച്ചു. ഐ.ടി ഫാർമ്മ, ബാങ്കിംഗ്, റിയൽറ്റി മേഖലകളിലെ ഓഹരികളാണ് പ്രധാനമായും വിപണിക്ക് കരുത്ത് പകർന്നത്. അതേസമയം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ വില്പന സമ്മർദ്ദം നേരിട്ടു. വോഡഫോൺ ഐഡിയ, ഇൻഡസ് ടവേഴ്സ് തുടങ്ങിയവ ഇന്നലെ കനത്ത നഷ്‌ടം നേരിട്ടു.
സ്വർണത്തിൽ വില്പന സമ്മർദ്ദം
ഫെഡറൽ റിസർവ് തീരുമാനത്തോടെ റെക്കാഡ് പുതുക്കി മുന്നേറിയ ആഗോള സ്വർണ വില ലാഭമെടുപ്പിൽ താഴേക്ക് നീങ്ങി. ഇന്നലെ ഒരവസരത്തിൽ സ്വർണ വില ഔൺസിന് 2,600 ഡോളർ വരെ ഉയർന്നു. പിന്നീട് 2,564 ഡോളറിലേക്ക് തിരിച്ചിറങ്ങി. കേരളത്തിൽ സ്വർണ വില പവന് 200 രൂപ കുറഞ്ഞ് 54,600 രൂപയിലെത്തി. ഗ്രാമിന്റെ വില 25 രൂപ താഴ്ന്ന് 6,825 രൂപയായി.
ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നേട്ടം
രണ്ട് ലക്ഷം കോടി രൂപ