
പാചകം ചെയ്യുന്നതിനേക്കാൾ മിക്ക ആളുകൾക്കും മടിയുള്ള കാര്യം അടുക്കള വൃത്തിയാക്കുന്നതാണ്. ഭക്ഷണ അവശിഷ്ടങ്ങളുടെയും എണ്ണയുടെയുമൊക്കെ കറകളും മറ്റും തുടച്ചുനീക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് കിച്ചൻ സിങ്കിന്റെ കാര്യം.
കിച്ചൻ സിങ്ക് വൃത്തിയാക്കുകയെന്ന് പറയുന്നത് പലരെയും സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്. ഫ്ലാറ്റിലും മറ്റും താമസിക്കുന്നവർ പലപ്പോഴും കഞ്ഞിവെള്ളവും മറ്റും സിങ്കിലാണ് ഒഴിക്കുന്നത്. അച്ചാർ പോലുള്ളവയുടെ കുപ്പിയും കറി പാത്രങ്ങളുമൊക്കെ കഴുകുമ്പോൾ സിങ്കിൽ ഇവയുടെ കറ പിടിക്കാൻ സാദ്ധ്യതയുണ്ട്.
ബ്രഷും മറ്റും ഉപയോഗിച്ച് തേച്ചുരച്ച് കഴുകിയാൽ പോലും പലപ്പോഴും ഇത്തരത്തിലുള്ള കറകൾ പൂർണമായി മാറണമെന്നില്ല. സിങ്ക് നന്നായി വൃത്തിയായില്ലെങ്കിൽ ദുർഗന്ധവും പല്ലി പോലുള്ള ജീവികളുമൊക്കെ വരാൻ സാദ്ധ്യതയുണ്ട്.
വളരെ സിമ്പിളായി കിച്ചൻ സിങ്ക് വൃത്തിയാക്കാൻ ഒരു സൂത്രമുണ്ട്. എന്താണെന്നല്ലേ? ബേക്കിംഗ് സോഡയും വിനാഗിരിയുമാണ് ആ സൂത്രം. കിച്ചണിലെ ഭക്ഷ്യ അവശിഷ്ടങ്ങൾ പൂർണമായും എടുത്തുകളയുക. ശേഷം വെള്ളമൊഴിച്ച് കഴുകിയ ശേഷം സിങ്കിൽ മുഴുവൻ ബേക്കിംഗ് സോഡ വിതറുക.
കുറച്ച് സമയത്തിന് ശേഷം ബേക്കിംഗ് സോഡയ്‌ക്ക് മുകളിലായി അൽപം വിനാഗിരി ( അല്ലെങ്കിൽ ചെറുനാരങ്ങ നീര്) ഒഴിച്ചുകൊടുക്കാം. നന്നായി പതഞ്ഞുവരുന്നത് കാണാം. ഇനി സ്‌ക്രബറോ ബ്രഷോ ഉപയോഗിച്ച് നന്നായി തേച്ചുകൊടുക്കാം. കറയൊക്കെ ഇളകിവരുന്നത് കാണാം. ശേഷം ഇളം ചൂടുവെള്ളത്തിൽ സിങ്ക് കഴുകാം. അഴുക്കൊക്കെ അപ്രത്യക്ഷമായി സിങ്ക് പുത്തൻപോലെ തിളങ്ങുന്നത് കാണാം.