
തിരക്കുളള സമയങ്ങളിൽ എളുപ്പത്തിൽ അധികം സമയം ചെലവഴിക്കാതെ പ്രഭാതഭക്ഷണമോ അല്ലെങ്കിൽ അത്താഴമോ തയ്യാറാക്കുകയെന്നത് കുറച്ച് പ്രയാസമുളള കാര്യമാണ്. പോഷകഗുണമടങ്ങിയ ഭക്ഷണമാണ് ഉണ്ടാക്കുന്നതെങ്കിൽ നല്ലതായിരിക്കുമല്ലേ. ഇനി ആ പ്രശ്നത്തിന് പരിഹാരമുണ്ട്. അധികം ചേരുവകൾ ചേർക്കാതെ എളുപ്പത്തിൽ ഗോതമ്പ് ഉപയോഗിച്ച് ദോശയുണ്ടാക്കാവുന്നതാണ്.
സാധാരണ എല്ലാവരും വീടുകളിൽ ഗോതമ്പ് ദോശ ഉണ്ടാക്കുന്നതാണ്. എന്നാൽ അതിനൊപ്പം കറിയും ആവശ്യമാണ്. പക്ഷെ തയ്യാറാക്കാൻ പോകുന്ന സ്പെഷ്യൽ ദോശ കഴിക്കാൻ കറിയുടെ ആവശ്യം വരുന്നില്ല. സ്പെഷ്യൽ ഗോതമ്പ് ദോശ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ദോശ തയ്യാറാക്കാനായി ഒന്നര കപ്പ് ഗോതമ്പ് മാവാണ് ആവശ്യം. ഇടത്തരം വലിപ്പമുളള ഒരു പാത്രത്തിലേക്ക് ഗോതമ്പ് മാവെടുക്കുക. അതിലേക്ക് ചെറുതായിട്ട് ചോപ്പ് ചെയ്ത ഒരു പച്ചമുളകും അൽപം മല്ലിയിലയും അര ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം വെളളം അൽപാൽപം ചേർത്ത് ദോശയുണ്ടാക്കാൻ പാകത്തിന് മാവ് തയ്യാറാക്കുക.
ദോശ തയ്യാറാക്കുകയാണ് അടുത്ത ഘട്ടം. അതിനായി ദോശക്കല്ലോ പാനോ എടുക്കാം. അത് നന്നായി ചൂടായതിനുശേഷം മാവൊഴിച്ച് പരത്തുക. ദോശയുടെ മുകൾവശം പാകമാകുമ്പോൾ അൽപം നെയ്യോ വെണ്ണയോ പുരട്ടിക്കൊടുക്കാം. ശേഷം ദോശ മറിച്ചിടുക. പാകമായതിനുശേഷം ദോശ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ചൂട് ദോശ കറിയില്ലാതെ രുചിയോടെ കഴിക്കാവുന്നതാണ്.