e

ചെന്നൈ: തമിഴ്നാട്ടിൽ യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി റോഡരികിൽ ഉപേക്ഷിച്ചു. ദുരൈപാക്കത്ത് ഇന്നലെ പുലർച്ചെ 5.30ഓടെ നാട്ടുകാരാണ്

രക്തം ഒലിച്ചിറങ്ങുന്ന നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ അറിയിച്ചു. പരിശോധനയിൽ സ്യൂട്ട്കേസിനുള്ളിൽ വെട്ടിമുറിച്ച് കഷണങ്ങളാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ മണികണ്ഠൻ എന്നയാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഒരു സ്യൂട്ട്കേസുമായി ഇയാൾ നടന്നുപോകുന്ന സി.സിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദീപികയും മണികണ്ഠനും പരിചയക്കാരണെന്ന് പൊലീസ് അറിയിച്ചു.ലൈംഗിക തൊഴിലാളിയായ ദീപയെ ബ്രോക്കർ വഴിയാണ് മണികണ്ഠൻ പരിചയപ്പെട്ടത്. പണത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു.

ബുധനാഴ്ച ദുരൈപാത്തേക്കു പോയ ദീപ തിരികെ വരാത്തതിനെ തുടർന്ന് സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.