
കൊച്ചി: സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. വൈപ്പിൻ, പറവൂർ, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട്, പിറവം നിയോജക മണ്ഡലങ്ങളിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലായി 9.18 കോടി രൂപയുടെ വികസന പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക. അതത് മണ്ഡലങ്ങളിലെ എംഎൽഎമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
രാവിലെ ഒമ്പതരയ്ക്ക് മാലിപ്പുറത്ത് വെച്ച് വൈപ്പിൻ മണ്ഡലത്തിലെ നാല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. മാലിപ്പുറം ജനകീയാരോഗ്യ കേന്ദ്രത്തിനായി 67 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കൽ (35 ലക്ഷം), നായരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രളയ പുന:നിർമാണ പ്രവർത്തനങ്ങൾ (53.60 ലക്ഷം), പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ (15.50 ലക്ഷം) എന്നീ പദ്ധതികൾ ഓൺലൈനായും ഉദ്ഘാടനം ചെയ്യും. വൈപ്പിന്‍ മണ്ഡലത്തിൽ 1.71 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത്.
പറവൂർ നിയോജക മണ്ഡലത്തിലെ 74 ലക്ഷം രൂപയുടെ രണ്ട് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. വരാപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തെ 37 ലക്ഷം രൂപ ചെലവിൽ നവീകരിച്ച് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ഇവിടെ നിന്ന് എഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം ഓൺലൈനായും നിർവഹിക്കും.
ആലുവ നിയോജക മണ്ഡലത്തിൽ ആലുവ ജില്ലാ ആശുപത്രിയിൽ ലക്ഷ്യ സ്റ്റാഡേർഡ്‌സിൽ 2.15 കോടി രൂപ ചെലവിൽ നിർമിച്ച ലേബർ റൂമിന്റേയും എമർജൻസി ഓപ്പറേഷൻ തീയേറ്ററിന്റേയും ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ഇവിടെ നിന്നും ഓൺലൈനായി 55.50 ലക്ഷം വിനിയോഗിച്ച് നെടുമ്പാശേരി മള്ളുശേരിയിൽ നിർമിച്ച ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യും. ആലുവയിൽ 2.71 കോടി രൂപയുടെ പ്രവൃത്തികളാണ് പൂർത്തിയാക്കിയത്.
37.5 ലക്ഷം രൂപ വിനിയോഗിച്ച് വേങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെയും 15.5 ലക്ഷം രൂപ ചെലവഴിച്ച് അശമന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെയും ഉദ്ഘാടനമാണ് പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വേങ്ങൂരിൽ നടക്കുക. 53 ലക്ഷത്തിന്റെ വികസന പദ്ധതികളാണ് പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്യുന്നത്.
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ 77 ലക്ഷം രൂപ ചെലവഴിച്ച മൂന്ന് വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 35 ലക്ഷം രൂപ ഉപയോഗിച്ച് മലയിടംതുരുത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ഇവിടെ നിന്നും വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയിതിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കും. 35 ലക്ഷം രൂപയാണ് ഈ സ്ഥാപനത്തിനായി ചെലവഴിച്ചത്. ഏഴ് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വാഴക്കുളം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.
പിറവം നിയോജക മണ്ഡലത്തിൽ രണ്ട് വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പിറവം താലൂക്ക് ആശുപത്രിയിൽ 2.35 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും. 37.5 ലക്ഷം രൂപ വിനിയോഗിച്ച് കൂത്താട്ടുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനായി നടത്തും.