varkkala

ഒരു ഗുരുദേവ ഭക്തനെ സംബന്ധിച്ച് ജയന്തി, മഹാസമാധി ദിനം എന്നീ രണ്ടു പുണ്യദിനങ്ങൾക്കു തുല്യമായി മറ്റൊരു ദിനമില്ല. ഗവൺമെന്റ് ഈ രണ്ടു ദിനങ്ങളിലും പൊതു ഒഴിവ് നൽകിയിട്ടുള്ളത് ഗുരുദേവനെ വിധിപ്രകാരം ആരാധിക്കുവാനും ഗുരുദേവ സന്ദേശങ്ങൾ അനുഷ്ഠിച്ച് പ്രചരിപ്പിക്കുന്നതിനുമാണ്.

ശ്രീനാരായണ ഗുരുദേവന്റെ 97ാമത് മഹാസമാധി ദിനമാണിന്ന്. ആനന്ദസ്വരൂപനായ ഭഗവാൻ ശ്രീനാരായണ പരമഹംസദേവന്റെ ബ്രഹ്മചൈതന്യം ഭക്തരിൽ പ്രസരിക്കുന്ന ദിനമാണിത്. ഭഗവാനും ഭക്തനും ഏകീഭൂതമാകുന്ന സാമ്യമായ ദിവ്യാവസ്ഥ. ഗുരുദേവ ശിഷ്യനായ മഹാകവി കുമാരനാശാൻ ഗുരുജയന്തിക്ക് തുടർച്ചയായി മംഗളശ്ലോകങ്ങൾ എഴുതിയിരുന്നു. ഗുരുദേവനെ ഒരു സമൂഹോദ്ധാരകനോ വിപ്ലവകാരിയോ ആയിട്ടല്ല പരബ്രഹ്മസത്യത്തിന്റെ പ്രതീകമായിട്ടാണ് മഹാകവി വാഴ്ത്തിയിരിക്കുന്നത്.
ഗുരുദേവന്റെ പേരുപോലും പറയാതെ പരബ്രഹ്മ സത്യസ്വരൂപനായി മാത്രം കണ്ട് ഗുരുമഹിമയെ കുമാരനാശാൻ വാഴ്ത്തിപ്പാടുന്നു. ലോകത്തെ സൃഷ്ടിച്ച് രക്ഷിച്ചമരുന്ന ഈശ്വര സത്യം മാത്രമായ ഒരു മഹാഗുരുവിനെയാണ് സമുദായ സ്വാമിയായും കേവലമൊരു സാമൂഹിക പരിഷ്‌ക്കർത്താവായും കണ്ടു പലരും തൃപ്തിയടയുന്നത്. അല്പം ആശ്വാസത്തിന് വകയുള്ളത് ദിവസങ്ങൾ കഴിയും തോറും ശ്രീനാരായണ ഗുരുദേവന്റെ മഹിമാവിശേഷമറിഞ്ഞ് തൃപ്പാദങ്ങളെ പരമ ഗുരുവായും പരമദൈവമായും ദർശിച്ചാരാധിക്കുന്നവരുടെ എണ്ണം ലോകമെമ്പാടുമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. കേരളക്കരയിലെമ്പാടുമായും ഭാരത മഹാരാജ്യത്തിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്കു വെളിയിലായി ഇരുപത്തഞ്ചോളം രാജ്യങ്ങളിലുമായി മഹാസമാധി ദിനം അനുഷ്ഠിക്കുന്നു.


ഒരു ഗുരുദേവഭക്തനെ സംബന്ധിച്ച് ജയന്തി, മഹാസമാധി ദിനം എന്നീ രണ്ടു പുണ്യദിനങ്ങൾക്കു തുല്യമായി മറ്റൊരു ദിനമില്ല. ഗവൺമെന്റ് ഈ രണ്ടു പുണ്യദിനങ്ങളിലും പൊതു ഒഴിവ് നൽകിയിട്ടുള്ളത് ഗുരുദേവനെ വിധിപ്രകാരം ആരാധിക്കുവാനും ഗുരുദേവസന്ദേശങ്ങൾ അനുഷ്ഠിച്ച് പ്രചരിപ്പിക്കുന്നതിനുമാണ്. അതിനാൽ വിവേകികൾ ആരും തന്നെ ഈ പുണ്യദിനങ്ങളിൽ മറ്റേതെങ്കിലും കൃത്യങ്ങളിൽ വ്യാപൃതരാകില്ല.
ഗുരുദേവ ജയന്തിക്ക് പ്രധാനമായും ആഘോഷപരിപാടികളാണെങ്കിൽ മഹാസമാധി ദിനം അനുഷ്ഠാന പ്രധാനമാണ്. ജപം, ധ്യാനം, സമാരാധന തുടങ്ങിയ വിശുദ്ധമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകുന്നു. കറുത്തകൊടി കെട്ടുക, കറുത്ത ബാഡ്ജ് ധരിക്കുക തുടങ്ങി ദുഃഖ സൂചകമായി ഒന്നും തന്നെ മഹാസമാധി ദിനത്തിൽ പാടില്ല. മഹാസമാധിദിനം ദുഃഖിക്കാനുള്ളതുമല്ല. കൂടുതലും ആത്മീയ പരിപാടികൾ സംഘടിപ്പിച്ചു ധ്യാനാത്മകതയിൽ മുഴുകണം. ഘോരഘോരമുള്ള പ്രസംഗങ്ങൾക്ക് പകരം ശാന്തിദായകമായ പ്രഭാഷണങ്ങളേ ആകാവൂ. അന്നേ ദിവസം രാവിലെ മുതൽ മഹാസമാധി സമയമായ ഉച്ചകഴിഞ്ഞ് 3.30 വരെ ഉപവാസവും ഗുരുദേവ അഖണ്ഡ നാമജപവും നടത്തുന്നതു ഉചിതമായിരിക്കും. മഹാസമാധി സമയത്ത് മഹാസമാധി പൂജകളും തുടർന്ന് നാമജപത്തോടെ ശാന്തിയാത്രയും. അന്നദാനവും നടത്തുന്നത് ഉചിതമായിരിക്കും.


ചില സ്ഥലങ്ങളിൽ മഹാസമാധി ദിനത്തിൽ ഗുരുദേവ വിഗ്രഹത്തിൽ സമാധിയുടെ ഭാഗമായി ചില ആചാരങ്ങൾ ഘടിപ്പിച്ചിരിക്കുന്നതായി അറിയുന്നു. ഇതൊക്കെ ഒഴിവാക്കേണ്ടതാണ്. മരണ സൂചകമായ യാതൊന്നുമാകരുത്. സമാധിയുടെ അടുത്ത നാളിൽ ഗുരുമന്ദിരം അടച്ചിടുന്നത് ശരിയല്ല. ഗുരുദേവൻ ജനനമരണാതീതനാണ്. പുതിയ ആചാരങ്ങൾ ഉൾപ്പെടുത്തി സമാധി ദിനാചരണത്തെ വികലമാക്കരുത്. 1928 സെപ്തംബർ 20ന് ഭഗവാൻ പരിനിർവ്വാണം പ്രാപിച്ചപ്പോൾ പ്രസിദ്ധ കവിയായ പി.വി കൃഷ്ണ വാരിയർ എഴുതിയ സാരൂപ്യസിദ്ധി എന്ന കൃതിയിലെ ഏതാനും വരികൾ ഇവിടെ ഉദ്ധരിക്കാം.


ഏതേതുകാലത്തുടയുന്നു ധർമ്മ
മധർമ്മമൂക്കിൽ തലപൊക്കിടുന്നു
അതാതുകാലത്തുലകത്തെ നിർത്താ
നാവിർഭവിക്കുന്നു ജഗന്നിവാസൻ.
വിഖ്യാത ഗീതോക്തിയിതിന്റെ തത്ത്വം
വിശ്വത്തിൻ വീണ്ടും വിശദീകരിപ്പാൻ
നാരായണൻ താൻ നരനായ്പ്പിറന്നു
നമുക്കു നേരാം വഴികാട്ടിയല്ലോ.


പി.വി. കൃഷ്ണവാര്യർ അക്കാലത്ത് അറിയപ്പെടുന്ന ഒരു കവിവര്യനായിരുന്നു. 'നാരായണൻ താൻ നരനായ്പ്പിറന്നു" എന്ന അവതാര സങ്കല്പം ഗുരുദേവനിലൂടെ വെളിവായി. ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദു നബി, ശ്രീശങ്കരാചാര്യർ എന്നീ ലോക ഗുരുക്കന്മാരുടെ പരമ്പരയിൽ ശ്രീനാരായണ ഗുരുദേവനെ അക്കാലത്തും ദർശിച്ചിരുന്നു. ഗുരുദേവൻ സഃശരീരനായിരുന്ന കാലത്ത് ജനഹൃദയങ്ങളിൽ നേടിയ സ്ഥാനം ഈ വരികളിൽ സ്പഷ്ടമാണ്. ഗുരുദേവനിലെ വിശ്വഗുരു ഇതിലൂടെ ഏവർക്കും അവധാരണം ചെയ്യുമല്ലോ.


ലോകത്തെ പ്രകാശിപ്പിക്കുന്ന സൂര്യഭഗവാനായി ഗുരുദേവനെ മഹാകവി വള്ളത്തോൾ ദർശിക്കുന്നതും അവിടുത്തെ അനുപമേയമായ മഹത്വമാണ് വെളിവാക്കുന്നതാണ്. മഹാകവി പണ്ഡിറ്റ് കറുപ്പൻ 'ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യനെ"ന്ന വിശ്വസന്ദേശത്തെ നവവേദമായും നവയുഗത്തിനനുരൂപമായും കാണുന്നു.


ഇന്ദ്രനില്ലാത്ത സ്വർഗ്ഗം, ചന്ദ്രൻ ഇല്ലാത്ത ആകാശം, താഴികക്കുടം വീണുപോയ സുവർണ്ണ സൗധം ശ്രീകൃഷ്ണനില്ലാത്ത അമ്പാടി എന്നതുപോലെ ഗുരുദേവ മഹാസമാധിയിലൂടെയും ശൂന്യത സൃഷ്ടി ക്കുന്നതായി എഴുതിയത് വിദ്വാൻ പന്തളത്തു കോയിത്തമ്പുരാനാണെന്ന് മാന്യവായനക്കാർ ഓർക്കണം. ഗുരുദേവൻ ഏതു കാലംവരെ അനശ്വരനായി പ്രകാശിക്കുമെന്ന് പന്തളത്തു കോയിത്തമ്പുരാൻ പറയുന്നുണ്ട്.


സൂര്യചന്ദ്രന്മാരുള്ള കാലത്തോളം ശ്രീനാരായണ ചൈതന്യം മങ്ങലേൽക്കാതെ ലോകത്തിൽ പ്രകാശിച്ചു കൊണ്ടിരിക്കുമെന്ന കവിയുടെ വിലയിരുത്തൽ ഗുരുദേവനെ ഗവേഷണബുദ്ധ്യാ പഠിക്കുന്നവർ ശ്രദ്ധിക്കണം. ഗുരുദേവന്റെ മഹാസമാധി സംബന്ധിച്ച് എഴുതപ്പെട്ട കവിതകളും പത്രങ്ങളുടെയെല്ലാം മുഖപ്രസംഗങ്ങളും സമാഹരിച്ച് ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയെന്ന ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ടുണ്ട്. അതിൽ നിന്നു സനാതന ധർമ്മം മാസികയുടെ മുഖപ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം. തിയോസഫിക്കൽ സൊസൈറ്റിയുടെ മുഖപത്രമായ സനാതനധർമ്മം എഴുതി.


'കേരളം ഒരു ഋഷിവര്യന്റെ സമാധിയാൽ ഇതാ ഇരുട്ടടഞ്ഞിരിക്കുന്നു... ഉജ്ജ്വലവും ദീർഘവും വിപുലവും സാർവ്വജനീനവും, അന്യൂനവുമായ ഒരു ബഹുമാനം നാരായണ ഗുരുസ്വാമിക്കു സിദ്ധിച്ചതുപോലെ ഇന്ത്യയിൽ അടുത്ത നൂറ്റാണ്ടുകളിലൊന്നും ആർക്കും സിദ്ധിച്ചിട്ടില്ല... ബ്രാഹ്മണരും നായന്മാരും തീയ്യരും യൂറോപ്യന്മാരും അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചിട്ടുണ്ട്... സൂര്യനെപ്പോലെ സന്നിധി മാത്രംകൊണ്ട് ശക്തിയും പ്രേമവും അദ്ദേഹം പ്രസരിപ്പിച്ചു...
പ്രബുദ്ധ കേരളത്തിന് യോഗത്തിൽ പതഞ്ജലിയും ജ്ഞാനത്തിൽ ശങ്കരനും, ഭരണ നൈപുണിയിൽ മനുവും ത്യാഗത്തിൽ ബുദ്ധനും, സ്ഥൈര്യത്തിൽ നബിയും വിനയത്തിൽ യേശുവുമായ ആ നാരായണ ഋഷി നരവേഷം ധരിച്ച് 72 വർഷത്തെ ലീലകൾക്കുശേഷം യഥാസ്ഥാനം പ്രാപിച്ചു... ഇനി ജനിക്കുന്നവർക്കു ഇന്ത്യാ രാജ്യത്തിലെ ഇതിവൃത്തങ്ങളിലെ അവതാരമൂർത്തികളുടെയും സിദ്ധപുരുഷന്മാരുടെയും കൂട്ടത്തിൽ അദ്ദേഹം ഒരു ഉപാസനാദേവനായിത്തീരും..."


തിയോസഫിക്കൽ സൊസൈറ്റിയുടെ ഈ ദീർഘദർശനം സഫലീകൃതമായി. ഇന്നു മഹാഗുരുവിന്റെ ജയന്തിയും മഹാസമാധിദിനവും ലോകത്തിന്റെ നാനാഭാഗങ്ങളിൽ വച്ചു അവതാരമൂർത്തിയുടേയും സിദ്ധപുരുഷനായ ജഗത്ഗുരുവിന്റേയും മഹത്വം നൽകി ഉപാസനാമൂർത്തിയായി ദർശിച്ചു തൃപ്പാദങ്ങളെ ആരാധിക്കുന്നു. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സ്ഥാപിച്ച് ഗുരുവിനെ ഈശ്വരനായി പ്രതിഷ്ഠിച്ച് ആരാധിക്കുന്നു.


'ഹിന്ദുക്കൾ മറന്നാലും മുസ്ലീങ്ങളായ ഞങ്ങൾ ശ്രീനാരായണഗുരുവെ മറക്കുന്നതല്ല" (ഇസ്ലാമിക് റിവ്യൂ). ശ്രീനാരായണഗുരുസ്വാമികളുടെ നിര്യാണം കേരളത്തിനും ഇന്ത്യയ്ക്കും മാത്രമല്ല ലോകത്തിനു തന്നെയും ഒരു മഹാനഷ്ടമാകുന്നു." (എൻ. എസ്. എസ്. മുഖപത്രം, മന്നത്തു പദ്മനാഭൻ) എന്നിങ്ങനെയും ഗുരുദേവന്റെ വിശ്വഗുരുത്വം ആലേഖ്യം ചെയ്യുന്നു.


ഇത്രയും കുറിക്കുവാൻ ഒരു കാരണം കൂടിയുണ്ട്. ശ്രീനാരായണ ഗുരുവിന്റെ സമാധിക്കുശേഷം ശിഷ്യന്മാരും ഭക്തന്മാരും അദ്ദേഹത്തെ വിശ്വഗുരുവായും ഈശ്വരനായും മാറ്റിയെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ കുറിപ്പിലെ ഭാഗങ്ങളിൽ നിന്നും മഹാസമാധിക്കുശേഷമല്ല അവിടുന്ന് സഃശരീരനായിരുന്ന കാലത്തു തന്നെ ഗുരുദേവനെ ജനങ്ങൾ വിശ്വഗുരുവായും ഈശ്വരസ്വരൂപനായും ആരാധിച്ചു തുടങ്ങി എന്നു കാണാം. ഗുരു പരബ്രഹ്മസത്യം തന്നെ. ഗുരു പോക്കുവരവറ്റ പരംപൊരുളാണ്. ഗുരുദേവൻ ഗദ്യ പ്രാർത്ഥനയിലൂടെ അവിടുത്തെ തിരുസ്വരൂപം വെളിപ്പെടുത്തിയിട്ടുണ്ട്. 'നാം ശരീരമല്ല അറിവാകുന്നു (ഈശ്വരനാകുന്നു) ശരീരമുണ്ടാകുന്നതിനു മുൻപിലും (ചെമ്പഴന്തിയിൽ മാടനാശാനും കുട്ടിയമ്മയ്ക്കും മകനായി ജനിക്കുന്നതിനുമുൻപ്) അറിവായി (ഈശ്വരനായി) നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും (മഹാസമാധി പ്രാപിച്ചാലും) നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും." അതേ ഈ ഈശ്വരതത്ത്വമാണ് ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ. ആ ചൈതന്യം എപ്പോഴും നമ്മെ നയിക്കുമാറാകട്ടെ.