railway

ബിലാസ്പൂര്‍: റെയില്‍വേ ട്രാക്കിന് കുറുകെ ആറ് മീറ്റര്‍ നീളമുള്ള ഇരുമ്പ് കമ്പി കണ്ടെത്തി. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ റോഡിനും രുദ്രാപൂര്‍ സിറ്റി സ്റ്റേഷനുകള്‍ക്കും ഇടയിലാണ് ഇരുമ്പ് കമ്പി കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ അട്ടിമറി നീക്കമാണെന്നാണ് റെയില്‍വേ ആരോപിക്കുന്നത്. ട്രാക്കില്‍ ഇരുമ്പ് കമ്പിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ലോക്കോപൈലറ്റ് രുദ്രാപൂര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. എമര്‍ജന്‍സി ബ്രേക്കിംഗ് നടത്തിയത് കാരണം വലിയ അപകടം ഒഴിവായി.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ട്രെയിന്‍ അപകടങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേരത്തെ രംഗത്ത് വന്നിരുന്നു. അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് പിന്നില്‍ അട്ടിമറി നീക്കം സംശയിക്കുന്ന കേന്ദ്രം പ്രത്യേക അന്വേഷണവും പ്രഖ്യപിച്ചിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ട്രെയിന്‍ പാളം തെറ്റിച്ച് അപകടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരമൊരു പ്രവര്‍ത്തി ശ്രദ്ധയില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി 10.18ന് ആണ് സംഭവം. ട്രെയിന്‍ നമ്പര്‍ 12091ലെ ലോക്കോ പൈലറ്റ് ആണ് ഇരുമ്പ് കമ്പി ട്രാക്കില്‍ കണ്ടത്.

സംഭവത്തില്‍ റെയില്‍വേ ആക്റ്റ് പ്രകാരം കേസെടുത്ത പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ മാസം ആദ്യം രാജസ്ഥാനിലെ അജ്മീറില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിക്കാന്‍ സമാനമായ നീക്കം നടത്തിയിരുന്നു. രണ്ട് വലിയ ഇഷ്ടിക കഷ്ണങ്ങളാണ് രാജസ്ഥാനില്‍ ട്രാക്കില്‍ ഇട്ടത്. എന്നാല്‍ ഭാഗ്യം കൊണ്ട് ഇവിടെ അനിഷ്ട സംഭവങ്ങളൊന്നും തന്നെ ഉണ്ടായില്ല. അതിന് മുമ്പ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രാക്കില്‍ എല്‍പിജി സിലിണ്ടറുകള്‍ വച്ച് ട്രെയിന്‍ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

ഒരു വര്‍ഷത്തിനിടെ നടന്ന അപകടങ്ങള്‍ മുഴുവന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയുടെയും അവഗണനയുടെയും ഫലമാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ റെയില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍, പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളുടെ കരങ്ങള്‍ അപകടങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ വാദം. ഒരു വര്‍ഷത്തിനിടെ 20ലധികം ട്രെയിന്‍ അപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.