
ഹൈദരാബാദ്: പ്രശസ്‌തമായ തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമ്മിക്കാനായി മീൻ എണ്ണയും മൃഗകൊഴുപ്പും ഉപയോഗിച്ചെന്ന ആന്ധ്ര മുഖ്യമന്ത്രിയുടെ വാദത്തെ പിന്തുണച്ച് മറ്റ് മന്ത്രിമാരും. ആന്ധ്ര മന്ത്രിയും തെലുങ്ക് ദേശം പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ നര ലോകേഷ് നായിഡുവാണ് ഈ ആരോപണത്തെ പിന്തുണച്ചത്. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിനോടാണ് നായിഡുവിന്റെ മകന്റെ വെളിപ്പെടുത്തൽ.
'ലഡു നിർമ്മിക്കാനുള്ള നെയ്യിനായി ടെൻഡർ നൽകിയത് മുൻ സർക്കാരാണ്. നിരവധി പരാതി ഉയർന്നതിനെ തുടർന്ന് ഇത് പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാൻ നിശ്ചയിച്ചു.' നര ലോകേഷ് പറഞ്ഞു. ഗുജറാത്തിലുള്ള സെന്റർ ഫോർ അനാലിസിസ് ആന്റ് ലേണിംഗ് ഇൻ ലൈവ്‌സ്‌റ്റോക്ക് ആന്റ് ഫുഡിൽ സാമ്പിൾ പരിശോധിച്ചതിൽ നിന്നും മൃഗക്കൊഴുപ്പ് ചേർത്തതായി കണ്ടെത്തി. അദ്ദേഹം ആരോപിച്ചു. വൈഎസ്‌ആർ കോൺഗ്രസിന്റെ കാലത്ത് വിവിധ ഏജൻസികളിൽ നിന്നാണ് ഇത്തരത്തിൽ നെയ്യ് ശേഖരിച്ചത് എന്ന് ടിഡിപി വാദിച്ചു.
മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുപ്പോഴാണ് ഇത്തരത്തിൽ ഉണ്ടായതെന്നും ചന്ദ്രബാബു നായിഡു നേരത്തെ ആരോപിച്ചിരുന്നു. 'ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലെ വൈഎസ്ആർ കോൺഗ്രസിന്റെ ഭരണസമയത്ത് തിരുമല ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്.എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ട്. ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണത്തിന് മറുപടിയുമായി വൈഎസ്ആർസിപി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി ടിഡിപി മേധാവി ഏത് നിലയിലേക്കും താഴുമെന്ന് മുതിർന്ന വൈഎസ്ആർസിപി നേതാവ് വൈ സുബ്ബ റെഡ്ഡി പറഞ്ഞു. 'നായിഡുവിന്റെ പരാമർശം ക്ഷേത്രത്തിന്റെ പരിശുദ്ധിക്കും പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും കോട്ടം വരുത്തി. തിരുമല പ്രസാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്. ആരും ഇത്തരം വാക്കുകൾ പറയുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യില്ല' സുബ്ബ റെഡ്ഡി എക്സിൽ കുറിച്ചു.