hospital
പ്രതീകാത്മക ചിത്രം


കോഴിക്കോട്: ബീച്ചിലെ തട്ടുകടയില്‍ നിന്ന് ഉപ്പിലിട്ട മാങ്ങ കഴിച്ച ഒമ്പതുകാരി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എളേറ്റില്‍ വട്ടോളി പന്നൂര്‍ വിളക്കലപറമ്പത്ത് ഫാത്തിമയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മാങ്ങ കഴിച്ച ഉടനെ ചുണ്ടിന്റെ നിറം വെള്ള കളറായി. തുടര്‍ന്ന് തലവേദനയും അനുഭവപ്പെട്ടു.

കുട്ടിയുടെ കൈവെള്ളയും വെളുത്ത നിറത്തില്‍ കാണപ്പെട്ടിരുന്നെന്ന് പിതാവ് മുഹമ്മദ് പറഞ്ഞു. വീട്ടിലെത്തി പിറ്റേന്ന് രാവിലെ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ട കുട്ടിയെ ആദ്യം എളേറ്റില്‍ വട്ടോളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

പിതാവ് മുഹമ്മദ് അഷ്‌റഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം തട്ടുകടയില്‍ പരിശോധന നടത്തി കട അടപ്പിച്ചു. പക്ഷേ, ഇന്നലെ കട തുറന്നതോടെ കോര്‍പ്പറേഷന്‍ അധികൃതരെത്തി വീണ്ടും കട അടപ്പിച്ചു. ഭക്ഷ്യസുരക്ഷ അധികൃതര്‍ പരിശോധന നടത്തി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ന്യൂനതകള്‍ പരിഹരിക്കും വരെ കട തുറക്കാന്‍ അനുവദിക്കില്ലെന്നും പിഴ ഈടാക്കുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

ഭക്ഷ്യ വസ്തുക്കള്‍ ഉപ്പിലിടാന്‍ ഉപയോഗിച്ച ലായനിയിലെ ഗാഢത കൂടിയതോ മായം ചേര്‍ന്നതോ ആകാം ആരോഗ്യ പ്രശ്നത്തിന് കാരണമായിട്ടുണ്ടാകാമെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്മാന്‍ പറഞ്ഞു.