s

തൃശൂർ : നിധി കമ്പനിയുടെ മറവിൽ പ്രതികൾ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തെ തുടർന്ന് ഹീവാൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം.

കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പരാതി നൽകിയ നിക്ഷേപകരുടെ മൊഴിയെടുക്കാനായി ഇ.ഡി വിളിപ്പിച്ചു. തിങ്കളാഴ്ച്ച കൊച്ചിയിലെ ഓഫിസിലെത്തണമെന്നാണ് അറിയിപ്പ് ലഭിച്ചത്. ഇതിനകം നാല് പേർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത എല്ലാവരുടെയും മൊഴിയെടുത്തേക്കും. ഇ.ഡി കൂടി കേസിൽ ഇടപെട്ടതോടെ പ്രതികളുടെ കുരുക്ക് കൂടുതൽ മുറുകി. പ്രതികളെയും ഇ.ഡി ചോദ്യം ചെയ്‌തേക്കും. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയിരുന്നു.

മറ്റൊരു പ്രതി കൂടി കസ്റ്റഡിയിൽ

ഹീവാൻ നിധി തട്ടിപ്പിൽ മറ്റൊരു പ്രതി കൂടി കസ്റ്റഡിയിലായതായി സൂചന. കമ്പനി ഡയറക്ടറായിരുന്ന അനിൽ കുമാറിനെയാണ് നേപ്പാളിലേക്ക് രക്ഷപ്പെടുന്നതിനിടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ നീക്കങ്ങളെ കുറിച്ച് നിരീക്ഷിച്ചിരുന്ന അന്വേഷണ സംഘം ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. 2015 മുതൽ 2020 വരെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇയാൾ ഇവിടത്തെ ഫണ്ട് ഉപയോഗിച്ച് മറ്റൊരു നിധി കമ്പനിയും ആരംഭിച്ചു. നേരത്തെ ചെയർമാൻ ഡോ.സുന്ദർമേനോൻ, മുൻ കെ.പി.സി.സി സെക്രട്ടറി സി.എസ്.ശ്രീനിവാസൻ, ബിജു മണികണ്ഠൻ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.