sanju

അനന്ത്‌പൂർ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്‌ടർമാർ കണ്ണ് തുറന്ന് കാണാനെന്ന പോലെ തകർപ്പൻ പ്രകടനവുമായി ആഭ്യന്തര ക്രിക്കറ്റിൽ സഞ്ജു സാംസൺ. സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ സിയ്‌ക്കെതിരെ ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി 349 റൺസിന് ഓൾഔട്ടായി. തന്റെ ഇന്നിംഗ്സിലാകമാനം ബാറ്റിംഗ് വെടിക്കെട്ട് തന്നെ പുറത്തെടുത്ത സഞ്ജു 95 പന്തുകളിലാണ് 100 തികച്ചത്. ഫസ്‌റ്റ്ക്ളാസ് ക്രിക്കറ്റിൽ സഞ്ജുവിന്റെ 11-ാം സെഞ്ച്വറിയാണിത്.

ദുലീപ് ട്രോഫിയിൽ ആദ്യം പ്രഖ്യാപിച്ച ടീമിൽ സഞ്ജു ഉണ്ടായിരുന്നില്ല. വിക്കറ്റ്‌കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ കളിക്കില്ല എന്ന് വന്നതോടെയാണ് പകരം സഞ്ജുവിന് ഇടം കിട്ടിയത്. ഞരമ്പിലേറ്റ പരിക്കാണ് ഇഷാൻ പിന്മാറാൻ കാരണം. തനിക്ക് കിട്ടിയ അവസരം മികച്ച രീതിയിൽ തന്നെയാണ് സഞ്ജു മുതലാക്കിയിരിക്കുന്നത്. ഏകദിനത്തിലും ട്വന്റി 20യിലും അരങ്ങേറിയ സഞ്ജുവിന് ഇപ്പോൾ ടെസ്‌റ്റ് ക്രിക്കറ്റും കളിക്കാനാകും എന്നതിന്റെ സൂചനയാണ് ഇന്നത്തെ പ്രകടനം.

അതേസമയം മറ്റൊരു ഇന്ത്യൻ താരമായ ശ്രേയസ് അയ്യർ മോശം ഫോം തുടരുകയാണ്. ഇന്ത്യ ഡി നായകനായ ശ്രേയസ് ഇത്തവണയും പൂജ്യത്തിനാണ് പുറത്തായത്. അഞ്ച് പന്തുകൾ നേരിട്ട ശ്രേയസ്, രാഹുൽ ചാഹറിന്റെ പന്തിൽ നിതീഷ് കുമാർ റെഡ്‌ഡി ക്യാച്ചെടുത്ത് പുറത്തായി. മോശം ഫോമിനെ തുടർന്ന് ടെസ്‌റ്റ് ടീമിൽ നിന്ന് പുറത്തായ ശ്രേയസ് അയ്യർ നിലവിൽ അതേ ദയനീയ പ്രകടനം തന്നെയാണ് തുടരുന്നത്.