kavya-madhavan

40-ാംപിറന്നാൾദിനത്തിൽ ആശംസകളുമായെത്തിയവർക്ക് നന്ദി അറിയിച്ച് കാവ്യ മാധവൻ. വെളള നിറത്തിലുളള ട്രെൻഡിംഗ് സൽവാർ സ്യൂട്ട് ധരിച്ച് കൈയിൽ താമരയും പിടിച്ചുളള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചാണ് താരം നന്ദി അറിയിച്ചിരിക്കുന്നത്. 'ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു, എല്ലാവരും എനിക്ക് അയച്ച സ്‌നേഹാശംസകൾക്ക് നന്ദി'- കാവ്യ പോസ്റ്റിൽ കുറിച്ചു.

താരത്തിന്റെ തന്നെ ക്ലോത്തിംഗ് ബ്രാൻഡായ ലക്ഷ്യയുടെ സൽവാറാണ് പിറന്നാൾദിനത്തിൽ ധരിച്ചത്. അനൂപ് ഉപാസനയാണ് കാവ്യയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുൻപും ലക്ഷ്യയുടെ മോഡലായി താരം ക്യാമറയ്ക്ക് മുൻപിൽ എത്തിയിട്ടുണ്ട്. ആരാധകർക്ക് ഓണാശംസകൾ നേർന്നുക്കൊണ്ടുളള ചിത്രങ്ങളും കാവ്യ പങ്കുവച്ചിരുന്നു. ഫോട്ടോഷൂട്ടിനും താരം തിരഞ്ഞെടുത്തത് ലക്ഷ്യയുടെ സാരിയാണ്. ഒപ്പം ദിലീപും മക്കളായ മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ചിത്രങ്ങൾ വൈറലായിരുന്നു.

2016ൽ തീയേറ്ററുകളിലെത്തിയ 'പിന്നെയും' എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. സിനിമയിൽ നായകനായി എത്തിയത് ദിലീപ് തന്നെയായിരുന്നു. വിവാഹശേഷം സിനിമയിൽ സജീവമാകാതെ നിന്നും മാറിനിൽക്കുകയാണ് താരം. ഇതിനിടെ കാവ്യ താരദമ്പതികളായ ജയറാം-പാ‌ർവതിയുടെ മകൾ മാളവികയുടെ വിവാഹത്തിനെത്തിയപ്പോൾ പുതിയ സിനിമയെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചിരുന്നു. അപ്പോൾ മക്കളെ നോക്കുന്ന തിരക്കിലാണെന്നായിരുന്നു കാവ്യയുടെ മറുപടി.