
കേരളത്തിൽ മ്യൂസിക്ക് റിയാലിറ്റി ഷോ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം മനസിൽ വരുന്ന പേര് ശരത് എന്നായിരിക്കും. സംഗീതത്തിലെ സംഗതി എന്താണെന്ന് മലയാളി ആസ്വാദകർ അറിഞ്ഞത് ഒരുപക്ഷേ റിയാലിറ്റി ഷോയിൽ നിന്നുള്ള ശരത്തിന്റെ പ്രതികരണങ്ങളിൽ നിന്നാകാം. എന്നാൽ തനിക്ക് സംഭവിച്ച് വലിയൊരു അബദ്ധമായിരുന്നു അതെന്ന് പറയുകയാണ് ശരത്.
''ഞാൻ ഇങ്ങനെ തന്നെ ഒരു മനുഷ്യനാണ്. ജന്മം കൊണ്ട് ഇങ്ങനെയാണ്. എന്റെ വീട്ടിൽ ഒരു കുഞ്ഞ് പാടുമ്പോൾ, മക്കെള എന്തുവാടാ ഈ പാടുന്നത്, ഇങ്ങനെയാണോ പാടുന്നത്? നേരെ പാട് എന്നൊക്കെ പറയുമായിരുന്നു. ഇതുപോലെ തന്നെ അറിയാതെ സ്‌റ്റാർ സിംഗറിൽ പറഞ്ഞുപോയി. ജനങ്ങൾ നോക്കുമ്പോൾ ഒരാൾ വന്നിരുന്ന ബബിൾഗം തിന്ന് പിള്ളാരേ എടുത്തിട്ട് 'ഉടുക്കുവാണ്'. ആരാടാ ഇവൻ എന്നായിരുന്നു അവരുടെ പ്രതികരണം. ബബിൾഗം ചവയ്‌ക്കുന്നത് വൃത്തികേടാണെന്ന് എന്റെ മോൾ ആണ് ആദ്യമായിട്ട് പറഞ്ഞത്. രണ്ട് വയസേ ഉണ്ടായിരുന്നുള്ളൂ അന്നവൾക്ക്. അച്ഛൻ ബാഡ് എന്നാണ് അവൾ പറഞ്ഞിരുന്നത്.
ഇപ്പോൾ ഈ കുഞ്ഞുങ്ങളുടെ കൂടെയുള്ള നിമിഷങ്ങളാണ് ഞാൻ ഏറ്റവും ആസ്വദിക്കുന്നത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിക്കുന്നയാളാണ് ഞാൻ. എല്ലാ കാര്യങ്ങളും ലൈറ്റായിട്ടെടുത്ത് പോകുന്നു. അല്ലാതെ ടെൻഷൻ അടിച്ചിട്ട് കാര്യമില്ലല്ലോ? ആരെയും ബുദ്ധിമുട്ടിക്കാതെ ഉപദ്രവിക്കാതെ ജീവിക്കുക''- ശരത്തിന്റെ വാക്കുകൾ.