
കാലാവസ്ഥാ വ്യതിയാനവും ആരോഗ്യ പ്രശ്നങ്ങളും കാരണമുണ്ടാകുന്ന മുടി കൊഴിച്ചിലും വരൾച്ചയും എല്ലാവരെയും ബാധിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ്. മുടി കൊഴിച്ചിൽ ഉണ്ടായാൽ പലരും ആദ്യംതന്നെ വലിയ വില കൊടുത്ത് കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ, ഇത് വലിയൊരു തെറ്റാണ്. ആരോഗ്യക്കുറവുള്ള മുടിയിൽ കെമിക്കലുകൾ അമിതമായി ഉപയോഗിച്ചാൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്കാകും നയിക്കുക.
അതിനാൽ, ആദ്യം മുടികൊഴിച്ചിൽ മാറാനുള്ള കാര്യങ്ങൾ വേണം ചെയ്യാൻ. ഇതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന നിരവധി മാർഗങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു ഹെയർപാക്ക് പരിചയപ്പെടാം. ഇത് മുടി വളരാൻ മാത്രമല്ല, നല്ല സ്മൂത്താകാനും സഹായിക്കുന്നു.
ആവശ്യമായ സാധനങ്ങൾ
കറ്റാർവാഴ ജെൽ - 2 ടേബിൾസ്പൂൺ
തേങ്ങ - 3 ടേബിൾസ്പൂൺ
ചോറ് - 3 ടേബിൾസ്പൂൺ
ഫ്ലാക്സീഡ് ജെൽ - 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കറ്റാർവാഴ പുറംതൊലി കളഞ്ഞത്, തേങ്ങ, ചോറ് എന്നിവ മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. കറ്റാർവാഴ ജെല്ലാണ് ഉപയോഗിക്കുന്നതെങ്കിൽ അവസാനം ചേർത്താൽ മതി. അരയ്ക്കുമ്പോൾ ആവശ്യത്തിന് വെള്ളം ചേർക്കാം. ശേഷം നന്നായി അരിച്ചെടുക്കുക. ഇതിലേക്ക് ഫ്ലാക്സീഡ് ജെൽ കൂടി ചേർത്ത് ക്രീം രൂപത്തിലാക്കി മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്.