
ഓഹരി വിപണിയിൽ നിക്ഷേപകരുടെ ആസ്തി ആറ് ലക്ഷം കോടി ഉയർന്നു
കൊച്ചി: അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചതിന്റെ അനുരണനങ്ങൾ രണ്ടാം ദിവസവും ആഗോള വിപണികളിൽ ദൃശ്യമായി. ലോകമെമ്പാടുമുള്ള ഓഹരി സൂചികകൾ റെക്കാഡ് ഉയരത്തിലെത്തി. ഇതിന്റെ ചുവടുപിടിച്ച് ബോംബെ ഓഹരി സൂചിക സെൻസെക്‌സ് 1,359.51 പോയിന്റ് ഉയർന്ന് 84,544.31ൽ റെക്കാഡിട്ടു. ദേശീയ സൂചിക നിഫ്‌റ്റി 375.15 പോയിന്റ് കുതിപ്പോടെ 25,790.95ൽ അവസാനിച്ചു. ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ ഇന്നലെ ആറ് ലക്ഷം കോടി രൂപയിലധികം വർദ്ധനയുണ്ടായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, ജെ.എസ്.ഡബ്‌ള്യു സ്‌റ്റീൽ, എൽ ആൻഡ് ടി, ഭാരതി എയർടെൽ, നെസ്‌ലെ ഇന്ത്യ, അദാനി പോർട്ട്സ് എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
റെക്കാഡിനരികെ സ്വർണ വില
ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലും സ്വർണം കുതിച്ചു. പവൻ വില 480 രൂപ വർദ്ധനയോടെ 55,080 രൂപയിലെത്തി. ഗ്രാമിന്റെ വില 60 രൂപ ഉയർന്ന് 6,885 രൂപയിലെത്തി. മേയ് 20ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 55,120 രൂപയിലേക്ക് കേവലം 40 രൂപയുടെ അകലം മാത്രമാണുള്ളത്. കഴിഞ്ഞ കേന്ദ്ര ബഡ്‌ജറ്റിൽ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചതിനു ശേഷം പവൻ വിലയിൽ 4,200 രൂപയുടെ ഇടിവുണ്ടായിരുന്നു. എന്നാൽ രണ്ട് മാസത്തിനുള്ളിൽ വില പഴയ തലത്തിലേക്ക് തിരിച്ചെത്തി. രൂപയുടെ മൂല്യവർദ്ധന കൂടി കണക്കിലെടുത്താൽ പവൻ വില ഇന്ന് റെക്കാഡ് മറികടന്നേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചു. ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 2,564 ഡോളറിലാണ്.
കരുത്തോടെ രൂപ
ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപ ഒഴുക്ക് കൂടിയതോടെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം പത്ത് പൈസ ഉയർന്ന് 83.55ൽ അവസാനിച്ചു. അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുകയാണ്. ഒരവസരത്തിൽ രൂപ 83.48 വരെ ശക്തിയാർജിച്ചിരുന്നു.
സെൻസെക്‌സ് 1,359.51 പോയിന്റ് ഉയർന്നു
പവന് 480 രൂപ വർദ്ധിച്ച് 55,080 രൂപയിൽ
രൂപയുടെ മൂല്യത്തിൽ 10 പൈസ നേട്ടം