
ആലപ്പുഴ: കിടപ്പുരോഗിയായ ഭാര്യയെയും മകനെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. ഇന്നലെ പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളാണ് പിന്നിലെന്നാണ് വിവരം.
ആര്യാട് പഞ്ചായത്ത് പത്താംവാർഡിൽ അവലൂക്കുന്ന് തേവൻകോട് ശ്രീകണ്ഠൻ നായർ (74) ആണ് മരിച്ചത്. പൊള്ളലേറ്റ ഭാര്യ ഓമനയെയും (65), ഇളയ മകൻ ഉണ്ണിക്കൃഷ്ണനെയും (43) നാട്ടുകാർ രക്ഷപ്പെടുത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 70ശതമാനത്തിലേറെ പൊള്ളലേറ്റ ഓമനയുടെ നില ഗുരുതരമാണ്. ഓമനയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഉണ്ണിക്കൃഷ്ണന് കൈയ്ക്കും കാലിനും പൊളളലേറ്റത്.
ഹോട്ടൽ തൊഴിലാളിയായിരുന്ന ശ്രീകണ്ഠൻ നായർ ഭാര്യയും മക്കളുമായി ഏറെ നാളായി ലോഹ്യത്തിലായിരുന്നില്ല. രണ്ടുവർഷമായി കിടപ്പുരോഗിയാണ് ഓമന. ഇളയമകൻ ഉണ്ണിക്കൃഷ്ണനൊപ്പമായിരുന്നു ഇരുവരും താമസം. മദ്യപാനിയായ ശ്രീകണ്ഠൻ നായർ ഭാര്യയും മകനുമായി വഴണ്ടാക്കുന്നത് പതിവായിരുന്നെന്ന് ആലപ്പുഴ നോർത്ത് പൊലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ വഴക്കിനെ തുടർന്ന് വീടിന് ചുറ്റും ഭാര്യയുടെയും മകന്റെയും മുറിയിലും ശ്രീകണ്ഠൻ നായർ പെട്രോൾ തൂകി. ഇത് കാണാനിടയായ ഉണ്ണിക്കൃഷ്ണൻ തടയും മുമ്പേ തീകൊളുത്തിയതോടെ ഓമന കിടന്ന മുറിയ്ക്കുള്ളിലും പുറത്തും തീ ആളിപ്പടർന്നു. ഉണ്ണിക്കൃഷ്ണൻ ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ തീ കെടുത്തുന്നതിനിടെ അടുത്ത മുറിയിൽ ശ്രീകണ്ഠൻ നായർ കെട്ടിത്തൂങ്ങി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആലപ്പുഴ നോർത്ത് പൊലീസാണ് പൊള്ളലേറ്റ ഓമനെയും ഉണ്ണിക്കൃഷ്ണനെയും ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ശ്രീകണ്ഠൻ നായരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന്ശേഷം വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു.
മറ്റ് മക്കൾ : ബിന്ദു, ബിനു. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.