kaviyoor-ponnamma

കൊച്ചി: മലയാള സിനിമാ രംഗത്തെ നായികാ കഥാപാത്രങ്ങളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത അതുല്യപ്രതിഭയാണ് അന്തരിച്ച അഭിനേത്രി കവിയൂര്‍ പൊന്നമ്മ. 17ാം വയസില്‍ തുടങ്ങിയ 62 വര്‍ഷം നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ താരമായിരുന്നു അവര്‍. ഓരോ മലയാളി കുടുംബത്തിലേയും അമ്മ സങ്കല്‍പ്പത്തിന്റെ നേര്‍ചിത്രം കൂടിയായിരുന്നു അവര്‍. ലോക സിനിമയില്‍ തന്നെ അമ്മ വേഷങ്ങളെ ഇത്രയും തന്‍മയത്വത്തോടെ മികച്ചതാക്കിയ മറ്റൊരു നടിയുണ്ടോയെന്ന കാര്യവും സംശയമാണ്.

1962ല്‍ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകമാണ് കവിയൂര്‍ പൊന്നമ്മയുടെ ആദ്യ ചിത്രം. നാടക രംഗത്ത് നിന്നാണ് അവര്‍ വെള്ളിത്തിരയിലേക്ക് എത്തിയത്. ആദ്യ ചിത്രത്തില്‍ രാവണന്റെ ഭാര്യ മണ്ഡോദരിയുടെ വേഷമാണ് കവിയൂര്‍ പൊന്നമ്മ അഭിനയിച്ചത്. നാല് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം അവരെ തേടി എത്തിയിട്ടുണ്ട്. 20ാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ട പൊന്നമ്മ അമ്മ വേഷങ്ങള്‍ തന്മയത്തോടെ ചെയ്ത് മലയാളികളുടെ മനസില്‍ ഇടം പിടിച്ചു.

സത്യന്‍ മാഷിന്റെ നായികയായും അമ്മയായും വേഷമിട്ടുവെന്ന പ്രത്യേകതയുമുണ്ട് അവരുടെ അഭിനയജീവിതത്തില്‍. മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരം മോഹന്‍ലാലിന്റെ അമ്മയായി നിരവധി ചിത്രങ്ങളില്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ മോഹന്‍ ലാലിന്റെ അമ്മ എന്ന വിശേഷണവും കവിയൂര്‍ പൊന്നമ്മയ്ക്ക് സ്വന്തമാണ്. മോഹന്‍ലാലിന്റെ അമ്മയായി മറ്റൊരു അഭിനേത്രിയും ഇത്രയും അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല. സിനിമയില്‍ മോഹന്‍ലാലിന്റെ അമ്മയായി മറ്റൊരു താരത്തെ സങ്കല്‍പ്പിക്കാന്‍ പോലും മലയാളികള്‍ക്ക് കഴിയില്ലെന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല.