m

മൊണാക്കോ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് മാറ്റങ്ങളുമായി തുടങ്ങിയ പുതിയ സീസണിൽ സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്‌സലോണയ്ക്ക് തോൽവിയോടെ തുടക്കം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മൊണാക്കോയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സലോണയുടെ തോൽവി. മൊണാക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 10-ാം മിനിട്ടിൽ ഡിഫൻസീവ് മിഡ്‌ഫീൽഡർ എറിക് ഗാർസിയ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബാഴ്സ‌യ്ക്ക് വലിയ തിരിച്ചടിയായി. മൊണാക്കോയുടെ മിനാമിനൊയെ ബോക്സിന് തൊട്ടുവെളിയിൽ വച്ച് ഫൗൾ ചെയ്‌തതിനാണ് ഗാർസിയ ചുവപ്പ് കണ്ടത്.

16-ാം മിനിട്ടിൽ മാഗ്നസ് അഘിലിയോച്ചെയിലൂടെ മൊണാക്കോ ലീഡടുത്തു. 28-ാം മിനിട്ടിൽ കൗമാര വിസ്‌മയം ലമിനെ യമാൽ നേടിയ ഗോളിലൂടെ ബാഴ്‌സ സമനില പിടിച്ചു. ഇടവേളയ്ക്ക് പിരിയുമ്പോൾ ഇരുടീമും 1-1ന് സമനിലയിൽ ആയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരായിറങ്ങിയ ജോർജ് ഇലെനിഖേനേ 71-ാം മിനിട്ടിൽ നേടിയ ഗോളിലൂടെ മൊണാക്കോ വിജയമുറപ്പിക്കുകയായിരുന്നു. മറ്റ് മത്സരങ്ങളിൽ അഴ്‌സണലിനെ അറ്റ്‌ലാന്റ ഗോൾ രഹിതസമനിലയിൽ തളച്ചപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് ആർബി ലെയ്‌പ്‌സിഗിനെ കീഴടക്കി.

14- 14 മത്‌സരങ്ങൾക്ക് ശേഷമാണ് മൊണാക്കോ ചാമ്പ്യൻസ് ലീഗിൽ ഒരുജയം നേടുന്നത്.

3- ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമത്സരത്തിൽ ബാഴ‌സ തോൽക്കുന്നത് ഇത് മൂന്നാം തവണയാണ്.

ഹാൻസി ഫ്ലിക്ക് പരിശീലകനയ ശേഷം ബാഴ്‌സലോണയുടെ ആദ്യ തോൽവിയാണിത്.