pic

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ സ്വതന്ത്രനായാണ് മത്സരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും കലാപത്തിന്റെയും പശ്ചാത്തലത്തിൽ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ രാജിവച്ചതോടെ 2022 ജൂലായിലാണ് 75കാരനായ റെനിൽ അധികാരമേറ്റത്.

കടക്കെണിയിൽ മുങ്ങിയ രാജ്യത്തിന്റെ സാമ്പത്തികനിലയെ തിരിച്ചുപിടിക്കാനുള്ള കഠിനശ്രമം റെനിൽ തുടങ്ങിയിരുന്നു. ഇന്ത്യയുമായി അടുപ്പം പുലർത്തിയ നേതാവ് കൂടിയാണ് അദ്ദേഹം. 50 ശതമാനം വോട്ട് നേടുന്ന സ്ഥാനാർത്ഥിയാണ് വിജയി.

 സമയം - രാവിലെ 7 - വൈകിട്ട് 4

 വോട്ടെണ്ണൽ - രാത്രി 9:30 മുതൽ (സാദ്ധ്യത)

 പോളിംഗ് സ്റ്റേഷനുകൾ - 13,134

 വോട്ടർമാർ - 1.7 കോടി

 സ്ഥാനാർത്ഥികൾ - 38

 പ്രമുഖർ - റെനിൽ വിക്രമസിംഗെ (പ്രസിഡന്റ്), സജിത് പ്രേമദാസ (പ്രതിപക്ഷ നേതാവ് ), നമൽ രാജപക്‌സ (മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സയുടെ മകൻ),​ അനുര കുമാര ദിസനായകെ (ഇടതുചായ്‌വുള്ള ജനതാ വിമുക്തി പെരമുന സ്ഥാനാർത്ഥി)

 ദിസനായകെ മുന്നിൽ

ദിസനായകെ - 40%

പ്രേമദാസ - 29%

വിക്രമസിംഗെ- 25

(സെപ്തംബർ 9 - 16 കാലയളവിൽ ഒരു ശ്രീലങ്കൻ വെബ്സൈറ്റ് നടത്തിയ സർവേ ഫലം)

 വിറപ്പിച്ച പ്രക്ഷോഭം

സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ 2022ൽ ശ്രീലങ്കയിൽ അരങ്ങേറിയ കലാപം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ ശ്രീലങ്കയിൽ ഇന്ധനവും ഭക്ഷ്യവസ്തുക്കളും തീർന്നതോടെ ജനം തെരുവിലിറങ്ങി. പ്രതിഷേധങ്ങൾ ശക്തമായി. ഇത് രാജ്യവ്യാപക കർഫ്യൂവിലേക്ക് വഴിവച്ചു.

വൈകാതെ രാജ്യവ്യാപകമായി ജനങ്ങളുടെ നേതൃത്വത്തിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതിനെതിരെയുള്ള കലാപം മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ രാജിയിലേക്ക് നയിച്ചു. എന്നാൽ, മഹിന്ദയുടെ സഹോദരനായ പ്രസിഡന്റ് ഗോതബയ രാജിയ്ക്ക് തയാറായില്ല. ഗോതബയയെ പുറത്താക്കും വരെ പ്രതിഷേധം ആളിക്കത്തി.

പ്രതിഷേധം രൂക്ഷമായതോടെ, അന്നേ വർഷം ജൂലായിൽ ​പ്ര​സി​ഡ​ന്റ് ​ഗോ​ത​ബ​യ​ ​രാജപക്സ ഒൗ​ദ്യോ​ഗി​ക​ ​വസ​തി​യി​ൽ​ ​നി​ന്ന് ​സിംഗപ്പൂരിലേക്ക് ഒ​ളി​ച്ചോ​ടി.​ ​ഗോതബയയുടെ സഹോദരന്മാരായ ധനകാര്യമന്ത്രി ബേസിൽ രാജപക്സ, ജലസേചന വകുപ്പ് മന്ത്രിയായ ചമൽ രാജപക്സ, മഹീന്ദ്ര രാജപക്സയുടെ മകനും യുവജനകാര്യ, കായിക മന്ത്രിയുമായ നമൽ രാജപക്സ എന്നിവർക്കെല്ലാം സ്ഥാനങ്ങൾ നഷ്ടമായി.

അ​തി​നി​ടെ​ ​പ്ര​ധാ​ന​മ​ന്ത്രി​യുടെയും പ്രസിഡന്റിന്റെയും​ ​വ​സ​തി​കൾക്ക് ​ജ​ന​ക്കൂ​ട്ടം​ ​തീ​യി​ട്ടു.
പ്ര​സി​ഡ​ന്റി​ന്റെ​ ​വ​സ​തി​യി​ലേ​ക്ക് ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​പ്ര​ക്ഷോ​ഭ​ക​ർ​ ​ഇ​ര​ച്ചു​ക​യ​റി​.​ ​ഒ​രു​ ​ല​ക്ഷ​ത്തോ​ളം​ ​പേർ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ്ര​സി​ഡ​ന്റി​ന്റെ​ ​വ​സ​തി​ ​ല​ക്ഷ്യ​മാ​ക്കി​ ​നീ​ങ്ങി​.​ ബു​ദ്ധ​സന്യാസിമാർ മുതൽ ക്രി​ക്കറ്റ്താരങ്ങൾ വരെ തെരുവിലിറങ്ങിയിരുന്നു. ഗോതബയ കുടുംബത്തെ ജനം അധികാരത്തിൽ നിന്ന് തുടച്ചുനീക്കിയതോടെ കലാപങ്ങൾ കെട്ടടങ്ങി. റെനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ രാജ്യം വീണ്ടും സമാധാനത്തിന്റെ പാതയിലേക്ക് എത്തുകയായിരുന്നു.