finance

പുതിയ പ്രോജക്ടുകള്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിറ്റഴിയുകയാണ് ദുബായ് നഗരത്തിലെ അപാര്‍ട്‌മെന്റുകള്‍. പറഞ്ഞ സമയത്ത് അപാര്‍ട്‌മെന്റുകളും വില്ലകളും പണി തീര്‍ത്ത് താക്കോല്‍ കൈമാറുന്നുവെന്നതിനാല്‍ തന്നെ ഉപഭോക്താക്കളും സന്തുഷ്ടരാണ്. സമയം കൃത്യമായി പാലിക്കുന്നതിനാല്‍ തന്നെ കൂടുതല്‍ ആളുകള്‍ പണം മുടക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്നതിനാല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല പ്രതീക്ഷയിലാണ്.

ദുബായ് നഗരത്തില്‍ നിക്ഷേപകരുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്. മറ്റ് ആഗോള നഗരങ്ങളെ അപേക്ഷിച്ച് ദുബായ് നഗരത്തില്‍ ഭൂമി വില താതരതമേന്യ കുറവാണെന്നതും ഈ കുതിപ്പിന് കാരണമാണ്. നിര്‍മാണത്തില്‍ അപാകതകളുണ്ടാകാതിരിക്കാന്‍ അധികാരികള്‍ നിരന്തരം ഗുണനിലവാര പരിശോധന നടത്തുന്നതും ദുബായ് നഗരത്തെ നിക്ഷേപകരുടെ പ്രിയപ്പെട്ടയിടമാക്കി മാറ്റുന്നുണ്ട്. ഈ വര്‍ഷം ജൂണ്‍ മുതലാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് ആരംഭിച്ചത്.

2025ലും ഈ നേട്ടം നിലനിര്‍ത്താന്‍ കഴിയുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. സുരക്ഷയുടെ കാര്യത്തിലും നിക്ഷേപ സൗഹൃദ മിഡില്‍ ഈസ്റ്റ് നഗരമെന്ന ടാഗ് ലൈനും ദുബായിയെ ആഗോളതലത്തില്‍ പ്രിയപ്പെട്ടതാക്കുന്നുണ്ട്. അതിനോടൊപ്പം യുഎഇ സര്‍ക്കാര്‍ നടപ്പിലാക്കിയ ഗോള്‍ഡന്‍ വിസ സമ്പ്രദായവും നിരവധി പേരെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്.

നഗരത്തിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ദാതാക്കളായ എമാര്‍, നഖീല്‍, ദമാക്, ശോഭാ ഗ്രൂപ്പ്, സമാന, ഡാന്യൂബ് തുടങ്ങിയവര്‍ക്കെല്ലാം പുതിയ പദ്ധതികളുണ്ട്. 2024 ആഗസ്റ്റ് വരെയുളള കണക്കുകള്‍ നോക്കുമ്പോള്‍ 93,000 പുതിയ യൂണിറ്റുകളാണ് നഗരത്തിലുടനീളം പ്രഖ്യാപിക്കപ്പെട്ടത്. സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ദാതാക്കളുടെ 1.2 ബില്ല്യന്‍ ദിര്‍ഹം വില വരുന്ന 600 യൂണിറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ടാണ് വിറ്റുപോയത്.

നിരവധി ഇന്ത്യക്കാരും ദുബായ് നഗരത്തില്‍ പുതിയ കെട്ടിടങ്ങള്‍ വാങ്ങുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ബാഹുല്യമായിരുന്നു മുമ്പ് സ്ഥലം വാങ്ങുന്നവരിലെങ്കില്‍ ഇപ്പോള്‍ യൂറോപ്പില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപകര്‍ക്ക് പോലും ദുബായ് പ്രിയപ്പെട്ട നഗരമായി മാറുന്നുണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ വളരെ മുന്നില്‍ മെച്ചപ്പെട്ട ഗുണനിലവാരം ഉറപ്പ് നല്‍കുന്നുവെന്നത് തന്നെയാണ് നിരവധി ഘടകങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.