hh

ബെയ്റൂട്ട്: പേജർ,വാക്കി ടോക്കി സ്ഫോടനപരമ്പരയ്‌ക്ക് പിന്നാലെ തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ അതിരൂക്ഷമായ വ്യോമാക്രമണം. എട്ട് പേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു.

വടക്കൻ അതിർത്തിയിലെ ഇസ്രയേൽ പട്ടണമായ മെതുലയിൽ വൻ നാശം വിതച്ച് ഹിസ്ബുള്ള 150 റോക്കറ്റുകൾ വർഷിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ മാരക പ്രഹരം. ഗാസ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേൽ ഹിസ്ബുള്ളയ്‌ക്ക് നേരെ നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.

ഹിസ്ബുള്ളയുടെ ഉന്നത നേതാവ് സയ്യദ് ഹസൻ നസറുള്ള ടെലിവിഷനിൽ പ്രസംഗിക്കുമ്പോഴായിരുന്നു ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഇരച്ചെത്തിയത്.
തെക്കൻ ലെബനനിൽ ഹിസ്ബുള്ള ശക്തി കേന്ദ്രമായ ദാഹിയേയിൽ ഇസ്രയേലിനെ പ്രഹരിക്കാൻ വിന്യസിച്ചിരുന്ന ആയിരത്തോളം റോക്കറ്റുകൾ തകർത്തു. ഹിസ്ബുള്ളയുടെ നിരവധി കെട്ടിടങ്ങളും ആയുധ ഡിപ്പോയും തകർത്തു.

ദാഹിയേയിൽ ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഇബ്രാഹിം അഖീലിനെ ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചു. 1983ൽ 241 യു.എസ് സൈനികർ കൊല്ലപ്പെട്ട ബെയ്റൂട്ടിലെ മറൈൻ ബാരക്ക് ബോംബാക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് അഖീൽ.