tvm-airport

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ കള്ളക്കടത്ത് സ്വർണം ഒഴുകിയിട്ടും പിടികൂടാൻ കഴിയാതെ കേന്ദ്ര ഏജൻസികൾ. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒരു കോടിക്ക് താഴെ വിലവരുന്ന സ്വർണം മാത്രമേ കേന്ദ്ര ഏജൻസികൾക്ക് പിടികൂടാനായിട്ടുള്ളൂ. നിരവധി യാത്രക്കാരിൽ നിന്നായി കുറഞ്ഞ അളവിൽ മാത്രം പിടികൂടുന്ന സ്വർണം കള്ളക്കടത്ത് സംഘങ്ങൾ അപ്പോൾത്തന്നെ നികുതി അടച്ച് പുറത്തെത്തിക്കുകയും ചെയ്യുന്നു. എന്നാൽ സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് കോടികൾ വിലവരുന്ന സ്വർണം പ്രതിമാസം പിടികൂടുന്നുമുണ്ട്.

ജനുവരി മുതൽ ജൂൺവരെ 20 കോടിയിലധികം വിലവരുന്ന കള്ളക്കടത്ത് സ്വർണമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പിടികൂടിയത്. എന്നാൽ പിന്നീടുള്ള മാസങ്ങളിൽ പിടികൂടിയത് തുച്ഛമായ സ്വർണം മാത്രം. കടത്തുന്നവരെക്കുറിച്ച് കസ്റ്റംസിന് ലഭിച്ചിരുന്ന രഹസ്യവിവരങ്ങളാണ് സ്വർണക്കടത്ത് സംഘങ്ങളെ കൃത്യമായി വലയിലാക്കാൻ സഹായിച്ചത്. നിലവിൽ ഇത്തരം സംഘങ്ങൾ രഹസ്യവിവരം നൽകാൻ തയാറാകാത്തതോടെ സ്വർണക്കടത്ത് പിടികൂടാൻ കസ്റ്റംസിന് കഴിയുന്നില്ല.

വ്യാപക പരിശോധന അസാദ്ധ്യം

കള്ളക്കടത്ത് നടത്തുന്നവരെ കുറിച്ച് കൃത്യമായി വിവരം ലഭ്യമായാൽ സംശയം ഉള്ളയാളെ മാത്രം തടഞ്ഞുനിറുത്തി പരിശോധിച്ചാൽ മതിയാകും. ഓരോ വിമാനത്തിലും എത്തുന്ന എല്ലാ യാത്രക്കാരെയും തടഞ്ഞുനിറുത്തി പരിശോധിക്കുക സാദ്ധ്യമല്ല. അത്തരത്തിലെ വ്യാപക പരിശോധനയ്ക്കുള്ള അംഗബലവും തിരുവനന്തപുരം വിമാനത്താവളത്തിൽ എയർകസ്റ്റംസിന് ഇല്ല.

ആകെയുള്ളത് ലഗേജുകളുടെ സ്‌കാനിംഗ് മാത്രം. ലഗേജുകൾ സ്‌കാനിംഗിന് വിധേയമാക്കിയാൽ പോലും അതിവിദഗ്ദ്ധമായി കൊണ്ടുവരുന്ന സ്വർണം പിടികൂടാൻ കഴിയില്ല.

കൈകോർത്ത് കടത്തുസംഘങ്ങൾ

സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പക മൂലമാണ് കടത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരം കിട്ടുന്നത്. പിടികൂടുന്ന കേസുകളിലെ അന്വേഷണം മുന്നോട്ടുപോകില്ലെന്ന ഉറപ്പിലാണ് സ്വർണക്കടത്തുകാർ കസ്റ്റംസിന് ഇടയ്ക്കിടെ ഇരകളെ നൽകുന്നത്. എന്നാൽ കള്ളക്കടത്ത് സംഘങ്ങൾ പരസ്പരം ഒറ്റൽ നിറുത്തി കൈകോർത്ത് തുടങ്ങിയെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇതിന്റെ മറവിൽ വിവിധ മാർഗങ്ങളിലൂടെയും വിമാനത്താവള ജീവനക്കാരുടെ സഹായത്തോടെയും കോടികളുടെ സ്വർണം ദിനംപ്രതി പുറത്തേക്കു കടത്തുന്നുണ്ട്.