
കോലഞ്ചേരി: ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിട, അങ്കമാലി കുണ്ടന്നൂർ ബൈപാസ് സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. മുന്നോടിയായി കേന്ദ്ര സർക്കാർ മൂന്ന് എ വിജ്ഞാപനം ആഗസ്റ്റ് 29 ന് പുറപ്പെടുവിച്ചിരുന്നു. പരാതിയുള്ളവർ 29 ദിവസത്തിനകം ദേശീയ പാത അതോറിട്ടിക്ക് നൽകണമെന്നാണ് ചട്ടം. 2018 ൽ തയ്യാറാക്കിയ അലൈൻമെന്റ് അനുസരിച്ചാണ് വിജ്ഞാപനം. ഇതനുസരിച്ച് 290.058 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. പരാതികൾ പരിഹരിച്ച ശേഷം വീണ്ടും സർവേ നടത്തി കല്ലിട്ട് തിരിക്കും. നിലവിലുള്ള ധാരണ അനുസരിച്ച് 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്.
1956 ലെ എൻ.എച്ച് അക്ട് പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക. പരാതി പരിഹരിച്ച് 3 ഡി നോട്ടിഫിക്കേഷൻ ഇറങ്ങുന്നതോടെ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങും. ഒരു വർഷത്തിനുള്ളിൽ 3 ഡി നോട്ടിഫിക്കേഷൻ വരും. ഇതിൽ സ്ഥലത്തിന്റെ മതിപ്പു വില മരങ്ങളുടെ വില, കെട്ടിടങ്ങളുടെ വില അടക്കം പ്രസിദ്ധീകരിക്കും. ഈ തുകയാണ് സ്ഥല ഉടമയ്ക്ക് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി ജില്ലാ കളക്ടറാകും സ്ഥലം ഏറ്റെടുത്ത് നൽകുന്നത്. സംസ്ഥാന പൊതുമരാമത്ത് വിഭാഗമാണ് സ്ഥലത്തിന്റെ വില നിർണ്ണയിക്കുന്നത്.
 അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസ്
47 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവെ അങ്കമാലിയിലെ കരയാംപറമ്പിൽ നിന്ന് ആരംഭിച്ച് ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 25 വില്ലേജുകളിലൂടെ കടന്നുപോകും. അറയ്ക്കപ്പടി, പട്ടിമറ്റം, കിഴക്കമ്പലം, വടവുകോട്, പുത്തൻകുരിശ്, ഐക്കരനാട് സൗത്ത്, നോർത്ത്, തിരുവാണിയൂർ, മാറമ്പിള്ളി, വാഴക്കുളം, വെങ്ങോല, കുന്നത്തുനാട്, പാറക്കടവ്, കറുകുറ്റി, തുറവൂർ, കാലടി, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, തെക്കുംഭാഗം, കുരീക്കാട്, തിരുവാങ്കുളം, മരട്, അങ്കമാലി എന്നീ വില്ലേജുകളിൽ നിന്നും ഭൂമിയേറ്റെടുക്കണം.
 മതിയായ നഷ്ടപരിഹാരം ലഭിക്കും
എൻ.എച്ച് 66 വികസനത്തിന് അനുവദിച്ചതിന് സമാനമായ നഷ്ടപരിഹാര പാക്കേജ് തന്നെ ബൈപാസ് നിർമാണത്തിനും ഉണ്ടാകും. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നടത്തിയ ഭൂമി ഇടപാടുകളുടെ ശരാശരി മൂല്യത്തെ അടിസ്ഥാനമാക്കി വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ 12 ശതമാനം പലിശയും അടിസ്ഥാന ഭൂമിയുടെ മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരമാകും നൽകുന്നത്. അതിന് പുറമെ, പൊളിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും മുറിക്കേണ്ടിവരുന്ന മരങ്ങളുടെയും മൂല്യവും നഷ്ടപരിഹാരമായി നൽകും. 90 ശതമാനം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞാൽ മാത്രമേ നിർമ്മാണം തുടങ്ങുകയുള്ളൂ.
290.058 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്
47 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ