railway

വിഴിഞ്ഞം: തുറമുഖത്തിന്റെ ചരക്കുനീക്കത്തിനായുള്ള റെയില്‍പ്പാതയുടെ നിര്‍മ്മാണത്തിന് അടുത്തവര്‍ഷം തുടക്കമാകും. ബാലരാമപുരം മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വരെയുള്ള 10.76 കി.മീറ്റര്‍ ദൂരത്തിലാണ് പാത നിര്‍മ്മിക്കുന്നത്.ബാലരാമപുരം മുടവൂര്‍പ്പാറ മുതല്‍ തുറമുഖ നിര്‍മ്മാണപ്രദേശം വരെ ഒറ്റവരിയായാണ് പാത നിര്‍മ്മിക്കുന്നത്.ബാലരാമപുരത്തു നിന്ന് ഇത് രണ്ടായി തിരിയും.

ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും. മുക്കോല ഭാഗത്ത് നിന്നാകും ഭൂമി തുരന്നുള്ള നിര്‍മ്മാണാരംഭം. ഇവിടെനിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും രണ്ടായി തിരിയും. ഇതേ സമയത്തുതന്നെ ബാലരാമപുരത്തു നിന്നു തുരന്നുതുടങ്ങും.

പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ 65 ശതമാനവും മണ്ണായതിനാല്‍ തുരക്കുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ശേഷമാകും മുന്നോട്ടുള്ള നിര്‍മ്മാണം.വിഴിഞ്ഞം വില്ലേജിലെ വിവിധ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെടുന്ന ഏകദേശം 82.90 ആര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്.

പദ്ധതി പ്രദേശത്തെ 33 ഓളം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടതായിവരുമെന്നും മത- സാംസ്‌കാരിക കേന്ദ്രങ്ങളെ ബാധിക്കില്ലെന്നുമാണ് സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ടിലുള്ളത്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഭൂമി തുറമുഖ കമ്പനി ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ക്ക് കൈമാറും. തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കും.

മാറ്റിപ്പാര്‍പ്പിക്കേണ്ടത്

17 വീടുകളില്‍ താമസിക്കുന്ന 38 കുടുംബങ്ങളെ

11 വീടുകള്‍ പൂര്‍ണമായും പൊളിച്ചുമാറ്റണം

റെയില്‍പ്പാത

പദ്ധതിച്ചെലവ് - 1200 കോടി

42മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതി

10.76 കി.മീറ്റര്‍ 9.5 കിലോമീറ്ററും ഭൂമിക്കടിയിലൂടെ

വിഴിഞ്ഞം - മുക്കോല - ബാലരാമപുരം റോഡിന് സമാന്തരമായി ഭൂഗര്‍ഭപാത കടന്നുപോകും

കരിംപള്ളിക്കര ഭാഗത്തുനിന്ന് തൂണുകള്‍ക്ക് മുകളിലൂടെയാകും പാത തുറമുഖത്ത് എത്തുന്നത്

25 മുതല്‍ 35 മീറ്റര്‍ വരെ താഴ്ചയിലൂടെ പാത കടന്നുപോകും

പാതയില്‍ എസ്‌കേപ്പ് ഡക്റ്റുകള്‍ ഉണ്ടാകും