
തെന്മല: കിഴക്കൻ മലയോര മേഖലയിലെ പാലരുവി വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് ഓണം കഴിഞ്ഞിട്ടും തുടരുന്നു. ഓണത്തോട് അനുബന്ധിച്ചാണ് ജലപാതം തുറന്നുനൽകിയത്. കനത്ത മഴയെ തുടർന്ന് നിരവധി തവണ ജലപാതം അടച്ചിട്ടിരുന്നെങ്കിലും ഓണത്തിന് മുമ്പ് തുറന്ന് നൽകുകയായിരുന്നു.
സ്കൂൾ ഓണാവധി തീരും വരെ സഞ്ചാരികളുടെ തിരക്കായിരിക്കും. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നിന്ന് നാല് കിലോ മീറ്റർ ഉൾവനത്തിലാണ് വെള്ളച്ചാട്ടം. സഞ്ചാരികളുടെ വാഹനങ്ങൾ ജലപാതത്തിന്റെ പ്രധാന കവാടത്തിൽ പാർക്ക് ചെയ്ത ശേഷം വനംവകുപ്പിന്റെ ബസിലാണ് വെള്ളച്ചാട്ടത്തിന് അടുത്ത് എത്തിക്കുന്നത്.
കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഓരോ ദിവസവും പാലരുവിയിലെത്തുന്നത്. വനം വകുപ്പിന്റെ നിയന്ത്രണത്തിൽ പാസ് നൽകിയാണ് പ്രവേശനം.
കൂടുതലും തമിഴ്നാട്ടിൽ നിന്നുള്ളവർ
ഉൾ വനത്തിലെ പാറക്കെട്ടുകളിലൂടെ 150 അടിയോളം ഉയരത്തിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടാത്തിൽ കുളിച്ചാൽ രോഗശമനം ഉണ്ടാകുമെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ പറയുന്നത്. മലമടക്കുകളിലെ ഔഷധ സസ്യങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന് രോഗശാന്തി നൽകാൻ കഴിയുമെന്നാണ് വിശ്വാസം. സഞ്ചാരികളുടെ സുരക്ഷയ്ക്കായി അൻപതോളം പുരുഷ - വനിത ഗൈഡുകളെയാണ് താത്കാലികമായി നിയമിച്ചിട്ടുള്ളത്.
സന്ദർശക സമയം
രാവിലെ 9 മുതൽ വൈകിട്ട് 5വരെ
പ്രവേശന നിരക്ക്
13 വയസിന് മുകളിൽ ₹ 70
കുട്ടികൾക്ക് (5 - 13 വരെ) ₹ 30
വാഹന പാർക്കിംഗ് ₹ 50
കൊല്ലത്ത് നിന്ന് ദൂരം - 72 കിലോ മീറ്റർ
സ്കൂൾ ഓണാവധി തീരുംവരെ സഞ്ചാരികളുടെ തിരക്ക് തുടരും. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ് കൂടുതലും.
വനംവകുപ്പ് അധികൃതർ