
തൊടുപുഴ: നഗരമദ്ധ്യത്തിൽ ഓട്ടോയിൽ യാത്ര ചെയ്ത സ്ത്രീയെ പിന്തുടർന്ന് വാഹനം തടഞ്ഞ് ആക്രമിക്കാൻ
ശ്രമിക്കുകയും മൊബൈലിൽ അക്രമ രംഗം ചിത്രീകരിക്കുകയും ചെയ്ത നാല് പേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കോലാനി കോതായിക്കുന്നേൽ വീട്ടിൽ കെ.എം മുജീബ് (34), പാറപ്പുഴയിൽവീട്ടില്‍ പി.ഡി ഫ്രാൻസിസ് (47), ചിറവേലിൽ വീട്ടിൽഹരിനാരായണൻ(49), കരിമണ്ണൂർ മനയ്ക്കപ്പാടം കൊച്ചുവീട്ടിൽ കെ.കെ ബഷീർ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച വൈകിട്ട് നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. ഗാന്ധി സ്ക്വയറിൽ നിന്ന് ഓട്ടോ വിളിച്ച് ബസ് സ്റ്റാൻഡിന് സമീപത്തെ യാക്കോബായ പള്ളിയുടെ അടുത്തെത്തിയപ്പോഴാണ് അതിക്രമത്തിന് ഇരയായതെന്ന് ഇവർ പരാതി നൽകി. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം മുന്നിലിട്ട് ഓട്ടോ തടയുകയും പ്രതികളിലൊരാൾ ഓട്ടോയിലേക്ക് ബലമായി കയറുകയും കടന്ന് പിടിക്കുകയുമായിരുന്നു എന്നാണ് പരാതി . ഇത് തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിക്കുകയും ശാരീകരിക ബന്ധത്തിന് വഴങ്ങണം എന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം. അക്രമം തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ മറ്റ് പ്രതികൾ ചേർന്ന് ഭീഷണിപ്പെടുത്തുകയും താക്കോൽ ഊരി വാങ്ങുകയും ചെയ്തു. ഇതിനിടെ സ്ത്രീയുടെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ഏതാനും സമയത്തിന് ശേഷം സ്ത്രീയുടെ പക്കൽ നിന്നും മൊബൈൽ നമ്പർ ബലമായി വാങ്ങുകയും പ്രതികൾ അവിടെ വച്ച് തന്നെ വിളിച്ച് ഉറപ്പിക്കുകയും ചെയ്തു. വീണ്ടും വിളിക്കുമ്പോൾ തങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്തെത്തണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ കയറി വീട്ടിലെത്തിയ സ്ത്രീ വ്യാഴാഴ്ച്ച ഭർത്താവുമൊന്നിച്ച് തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഓട്ടോ ഡ്രൈവറിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.