കൊട്ടാരക്കര: ഭാര്യയെ കഴുത്തിന് വെട്ടിക്കൊന്ന കേസിലെ പ്രതി കൊട്ടാരക്കര പള്ളിക്കൽ സനൽ ഭവനിൽ സുരേന്ദ്രൻ പിള്ളയെ (63) കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു. സരസ്വതി അമ്മയാണ് (63) വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാളും ചെറിയ കത്തിയും പ്ളാസ്റ്റിക് ചരടും പൊലീസ് കണ്ടെടുത്തു. ചരട് മുറുക്കി ശ്വാസം മുട്ടിച്ച ശേഷം കത്തികൊണ്ട് കഴുത്തിൽ മുറിവുണ്ടാക്കുകയും പിന്നീട് കൊടുവാൾകൊണ്ട് കഴുത്തിൽ വെട്ടുകയുമായിരുന്നു. മൂന്ന് കൃത്യങ്ങളും മരണകാരണമാണെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് സൂചന നൽകിയത്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരികയുള്ളൂ. രാവിലെ പത്തോടെയാണ് കൊലപാതകം നടന്നത്. 9.30ന് ഇളയ മരുമകൾ സമീപത്തുതന്നെയുള്ള മൂത്ത മകന്റെ വീട്ടിലേക്ക് കുഞ്ഞുമായി പോയപ്പോഴാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. മുൻപും പലതവണ കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. കോടതിയിൽ അപേക്ഷ നൽകി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തയ്യൽ ജോലിക്കാരാണ് സുരേന്ദ്രൻ പിള്ളയും ഭാര്യയും.